നഷ്ടപരിഹാരം സ്ഥലത്തിന്റെ സ്വഭാവവും തരവുമനുസരിച്ച്: മന്ത്രി കെ.ടി ജലീല്‍
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിനു ഭൂമി ഏറ്റെടുക്കുന്നതിനു സ്ഥലത്തിന്റെ സ്വഭാവവും തരവും അനുസരിച്ചാകും നഷ്ടപരിഹാരം നല്‍കുകയെന്നു മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ഹജ്ജ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്താവളത്തിന് ഏറ്റെടുക്കുന്ന ഭൂമിക്കു നിലവിലെ നടപ്പനുസരിച്ചുള്ള വില സര്‍ക്കാര്‍ നല്‍കും. ഓരോ സ്ഥലത്തിന്റെയും സ്വഭാവവും തരവും നോക്കിയാകും നഷ്ടപരിഹാരം നല്‍കുക. ഇതില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പാലിക്കും.
കേന്ദ്രസര്‍ക്കാരിന്റെ സ്ഥലമേറ്റെടുക്കല്‍ നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഭൂമി ഏറ്റെടുക്കുന്നതിനു സര്‍ക്കാര്‍ തുടര്‍നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി നല്‍കാന്‍ തയാറുള്ളവരില്‍നിന്നാകും ആദ്യം ഏറ്റെടുക്കുക. ജനങ്ങളില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ മാറ്റാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം. ജനങ്ങളെ ബലാല്‍ക്കാരമായി ഒഴിപ്പിച്ച് ഒരിക്കലും സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കില്ല. ഭൂമിയുടെ വിലയുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല ഇപ്പോഴുള്ളതെന്നും ഭൂമി വിട്ടുതരാനുള്ള സന്നദ്ധതയില്ലായ്മയാണ് വിഘാതമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ രണ്ടഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."