പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് വിദേശ പഠനത്തിന് 10 ലക്ഷം ധനസഹായം: മന്ത്രി എ.കെ ബാലന്‍
പാലക്കാട്: വിദേശപഠനത്തിന് പിന്നാക്ക വിഭാഗക്കാരില്‍ ആറ് ലക്ഷത്തില്‍ താഴെ വരുമാനമുളള ഒരു കുട്ടിയ്ക്ക് 10 ലക്ഷം വരെ സൗജന്യ ധനസഹായം ലഭ്യമാക്കുമെന്ന് നിയമസാംസ്‌ക്കാരിക പട്ടികജാതി -വര്‍ഗ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഈ ധനസഹായം പിന്നാക്ക വികസന വകുപ്പ് മുഖേനയോ രണ്ടര ശതമാനം പലിശ നിരയ്ക്കില്‍ പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മുഖേനയോ ലഭ്യമാകും. സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് പരമ്പരാഗത കളിമണ്‍ പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് നല്‍കുന്ന ധനസഹായ വിതരണം പാലക്കാട് കോട്ടമൈതാനത്ത് നടന്ന പിന്നാക്കവികസന കോര്‍പ്പറേഷന്റെ പ്രദര്‍ശന വിപണനമേളയുടെ വേദിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മേഖലയിലെ 285 തൊഴിലാളികള്‍ക്ക് 25,000 രൂപ വീതം 71,25,000 രൂപയാണ് വിതരണം ചെയ്തത്. തൊഴിലാളികളുടെ അക്കൗണ്ടില്‍ തുക ചെക്ക് വഴി സ്വീകരിക്കുന്ന രീതിയിലാണ് കൈമാറിയിരിക്കുന്നത്. അടുത്ത സാമ്പത്തികവര്‍ഷം 1.8 കോടിയാണ് ഇത്തരത്തില്‍ വിതരണം ചെയ്യുക.
പിന്നാക്കവിഭാഗക്കാരായ കുട്ടികളില്‍ അഞ്ച് മുതല്‍ 10-ാം ക്ലാസ്സ് വരെയുളളവര്‍ക്ക് ഒരാള്‍ക്ക് 1000 രൂപ വീതം 7.3 കോടിയും പ്ലസ്ടുവിന് മേലുളളവരില്‍ ഒരാള്‍ക്ക് 2000 രൂപ വീതം 25.15 കോടിയും പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പായി നല്‍കും.
സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗക്കാരായ കുട്ടികള്‍ക്ക് (ഒ.ഇ.സി) വിതരണം ചെയ്യാനുണ്ടായിരുന്ന 185 കോടി രൂപയുടെ ആനുകൂല്യത്തില്‍ 125 കോടി വിതരണം ചെയ്തു കഴിഞ്ഞു. ബാക്കിയുളള 60 കോടി ഉടന്‍ നല്‍കും.
ആശാരി, നെയ്ത്ത്, ബ്ലാക്ക് സ്മിത്ത്, വിശ്വകര്‍മ്മ എന്നിങ്ങനെയുളള വിഭാഗക്കാര്‍ ഉള്‍പ്പെട്ട പരമ്പരാഗത കൈതൊഴിലാളികളില്‍ ഒരാള്‍ക്ക് 25,000 രൂപ വീതം മൊത്തം രണ്ടരകോടി തൊഴില്‍ ഉപകരണങ്ങള്‍ക്കായി വിതരണം ചെയ്യും. പരമ്പരാഗത ബാര്‍ബര്‍ ഷോപ്പ് നവീകരണത്തിന് 1000 പേര്‍ക്ക് 25,000 രൂപ വീതം മൊത്തം രണ്ടരകോടി വീതം നല്‍കുമെന്നും മന്ത്രി അറിയിച്ചു. പിന്നാക്ക വിഭാഗക്കാരായ കുട്ടികള്‍ക്ക് ആട്ടോമൊബൈലില്‍ ആറുമാസത്തെ പരിശീലനത്തിന് 1500 രൂപയും സ്ഥാപനത്തിന് 3500 രൂപയും വീതം നല്‍കും. എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ് പരിശീലനത്തിന് മൊത്തം 5.5 കോടി വിതരണം ചെയ്യും.
പിന്നാക്കവിഭാഗക്കാരുടെ നിര്‍ജീവ പരാമ്പരാഗത തൊഴില്‍ മേഖല ആവശ്യത്തിന് പശ്ചാത്തല സൗകര്യമൊരുക്കി സര്‍ക്കാര്‍ സംരക്ഷിക്കും. മണ്‍പാത്രങ്ങളും അത്തരത്തിലുളള മറ്റ് സാമഗ്രികളും നിര്‍മിക്കുന്ന രണ്ട് ലക്ഷത്തോളം പേര്‍ സംസ്ഥാനത്തുണ്ട്.
മേഖലയിലുളളവര്‍ക്ക് നിര്‍മാണപ്രവൃത്തനങ്ങളുടെ പ്രധാന ഘടകമായ ഇഷ്ടിക നിര്‍മിക്കാന്‍ പറ്റാത്ത അവസ്ഥ നിലവിലുണ്ട്. മണ്‍പാത്രങ്ങളും അത്തരത്തിലുളള മറ്റ് സാമഗ്രികളും നിര്‍മിക്കാന്‍ കളിമണ്ണിന്റെ ദൈര്‍ലഭ്യമുണ്ട്. ഇത്തരം സ്തംഭനാവസ്ഥ നീക്കാന്‍ ചെറു നിയന്ത്രണങ്ങളോടെ വയല്‍ സംരക്ഷിച്ചു കൊണ്ട് ഉപയോഗപ്രദമായതും ആവശ്യമുളളതുമായ മണ്ണ് എടുക്കാനുളള സാഹചര്യം ഉണ്ടാക്കും. ഈ തൊഴില്‍മേഖലയ്ക്ക് ആവശ്യമുളള ആധുനികചക്രങ്ങള്‍, യന്ത്രങ്ങള്‍, ഷെഡുകള്‍ എന്നിവ ഉള്‍പ്പെടെയുളള എല്ലാ പശ്ചാത്തല സൗകര്യങ്ങളും സര്‍ക്കാര്‍ സജ്ജമാക്കും.
സംഗീതനാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ജനപ്രീതി ലഭിക്കാവുന്ന ഗസല്‍ എന്ന പരിപാടിയും ജില്ലയില്‍ അരങ്ങേറുമെന്ന് മന്ത്രി അറിയിച്ചു. കൂടാതെ അടുത്ത സംസ്ഥാനചലച്ചിത്ര അവാര്‍ഡ് വിതരണം തലശ്ശരിയില്‍ നടക്കുമെന്നും മന്ത്രി അറിയിച്ചു.
അഡ്വ. കെ. ശാന്തകുമാരി അധ്യക്ഷയായ പരിപാടിയില്‍ പി.കെ ഉണ്ണി എം.എല്‍.എ, വി.എസ്.മുഹമ്മദ് ഇബ്രാഹിം, സംഗീത് ചക്രപാണി, കെ.ടി. ബാലഭാസ്‌കരന്‍, പി.യു. മുരളീധരന്‍, കെ.എന്‍. കുട്ടമണി, രാജേഷ് പാലങ്ങാട്ട് പങ്കെടുത്തു. തുടര്‍ന്ന് മേളയുടെ സമാപനസമ്മേളനം പി.കെ ഉണ്ണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."