പുതിയ കോളജുകളും കോഴ്‌സുകളും അനുവദിക്കില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി അസാധുവാക്കി
കൊച്ചി: സംസ്ഥാനത്ത് പുതിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളോ കോഴ്‌സുകളോ അനുവദിക്കില്ലെന്ന തരത്തിലുള്ള സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തി ഹൈക്കോടതി അസാധുവാക്കി.
കഴിഞ്ഞ ഓഗസ്റ്റ് 22ലെ ഉത്തരവ് ഭരണഘടന ഉറപ്പുനല്‍കുന്ന തൊഴിലവകാശം, ന്യൂനപക്ഷാവകാശം എന്നിവയുടെ ലംഘനമാണെന്നും സിംഗിള്‍ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. കോഴ്‌സുകള്‍ക്കും മറ്റും സര്‍ക്കാരിന്റെ അനുമതി തേടിയുള്ള ഓരോ അപേക്ഷയും പ്രത്യേകം പരിഗണിച്ച് തീരുമാനമെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ ഉത്തരവു ചോദ്യം ചെയ്യുന്നതിനു പുറമേ 2016 - 2017 അധ്യയന വര്‍ഷം പുതിയ കോളജ് തുടങ്ങാന്‍ അഫിലിയേഷന്‍ ലഭ്യമാക്കണമെന്നും നിലവിലുള്ള കോളജുകളില്‍ പുതിയ കോഴ്‌സ് തുടങ്ങാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന ഒരു കൂട്ടം ഹരജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്കു കീഴിലായി പുതിയ കോളജുകള്‍ക്കും കോഴ്‌സുകള്‍ക്കും അനുമതി വേണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.
കോളജുകള്‍ തുടങ്ങുന്നതിനു സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണോ എന്നതാണ് ഹൈക്കോടതി പരിശോധിച്ചത്. സര്‍വകലാശാലകളില്‍നിന്ന് അനുമതിപത്രം ലഭിച്ചശേഷം കോളജ് തുടങ്ങാന്‍ പണം മുടക്കിയെങ്കിലും സര്‍ക്കാര്‍ കൊണ്ടുവന്ന സമ്പൂര്‍ണ നിയന്ത്രണത്തിന്റെ അടിസ്ഥാനത്തില്‍ അഫിലിയേഷന്‍ നല്‍കാനാവില്ലെന്നാണ് ഇപ്പോള്‍ സര്‍വകലാശാലകള്‍ പറയുന്നത്.
പുതിയ കോളജുകളും കോഴ്‌സുകളും തുടങ്ങാനാവില്ലെന്ന തരത്തില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയതു ശരിയായില്ലെന്ന് സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. ഒരു നിശ്ചിതസ്ഥലത്ത് കോളജ് ആവശ്യമില്ലെന്നു കണ്ടാല്‍ കോളജ് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി വ്യവസ്ഥ കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിയും. മാത്രമല്ല, നിലവിലുള്ള കോളജുകളുടെയും കോഴ്‌സുകളുടെയും എണ്ണം നിയന്ത്രിക്കാനും വ്യവസ്ഥ കൊണ്ടുവരാം.
എന്നാല്‍ ഒരിടത്തും കോളജ് അനുവദിക്കാനാവില്ലെന്ന തരത്തില്‍ സമ്പൂര്‍ണനിരോധനം കൊണ്ടുവരാന്‍ പറ്റില്ല. ഇത്തരമൊരു സര്‍ക്കാര്‍ നിലപാട് സര്‍വകലാശാലകള്‍ നടപ്പാക്കുന്നത് മൗലികാവകാശ ലംഘനമാണെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."