കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരേ യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരേ വിവിധ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യു.ഡി.എഫ് യോഗം തീരുമാനിച്ചു. ജനുവരി അഞ്ചിന് ഇതിന്റെ ഭാഗമായി യു.ഡി.എഫ് ഭരിക്കുന്ന ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമാരുടെ യോഗം തിരുവനന്തപുരത്ത് ചേരും. 18ന് യു.ഡി.എഫ് സഹകാരികളുടെ രാജ്ഭവന്‍ പിക്കറ്റിങ് നടക്കും.
ജനുവരി 24ന് ജില്ലാ കലക്ടറേറ്റുകള്‍ക്കു മുന്നില്‍ യു.ഡി.എഫ് നേതൃത്വത്തില്‍ പിക്കറ്റിങ് നടത്തും. ഫെബ്രുവരി ഒന്നിന് യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. നാലുമുതല്‍ സംസ്ഥാനത്ത് നാലു പ്രചരണ ജാഥകള്‍ സംഘടിപ്പിക്കും. ജാഥകളുടെ വിജയത്തിനായി എം.എം ഹസന്‍ കണ്‍വീനറായ സബ് കമ്മിറ്റി രൂപീകരിച്ചു. കെ.പി.എ മജീദ്, എന്‍.കെ പ്രേമചന്ദ്രന്‍, ഡോ.വര്‍ഗീസ് ജോര്‍ജ്, സി.പി ജോണ്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. കമ്മിറ്റിയുടെ ആദ്യയോഗം ജനുവരി 10ന് തിരുവനന്തപുരത്ത് നടക്കും.
സമരപരിപാടികളുടെ ഭാഗമായി 14 ജില്ലകളിലും യു.ഡി.എഫ് ജില്ലാ നേതൃയോഗങ്ങള്‍ സംഘടിപ്പിക്കും. ജനുവരി ഏഴിന് രാവിലെ 10ന് എറണാകുളം, എട്ടിന് ഉച്ചയ്ക്ക് 12ന് പത്തനംതിട്ട, വൈകിട്ട് ഏഴിന് ഇടുക്കി, ജനുവരി ഒന്‍പതിന് രാവിലെ ഒന്‍പതിന് തൃശൂര്‍, 10ന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവനന്തപുരം, 13ന് വൈകിട്ട് നാലിന് കൊല്ലം, 15ന് രാവിലെ 10ന് കോട്ടയം, വൈകിട്ട് അഞ്ചിന് ആലപ്പുഴ, 16ന് രാവിലെ ഒന്‍പതിന് കാസര്‍കോട്, രാവിലെ 11ന് വയനാട്, ഉച്ചകഴിഞ്ഞ് മൂന്നിന് കണ്ണൂര്‍, 17ന് രാവിലെ 10ന് മലപ്പുറം, ഉച്ച കഴിഞ്ഞ് രണ്ടിന് കോഴിക്കോട്, 21ന് ഉച്ച കഴിഞ്ഞ് രണ്ടിന് പാലക്കാട് എന്നിവിടങ്ങള്‍ നേതൃയോഗം നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, ഘടകക്ഷി നേതാക്കള്‍ എന്നിവര്‍ വിവിധ യോഗങ്ങളില്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."