ഖത്തര്‍ ഓപണ്‍ ടെന്നീസ്; ദ്യോക്കോവിചിനു വിജയത്തുടക്കം
ദോഹ: ലോക രണ്ടാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച് ഖത്തര്‍ ഓപണ്‍ ടെന്നീസില്‍ വിജയത്തുടക്കമിട്ടു. പുതിയ വര്‍ഷത്തിലെ ആദ്യ പോരാട്ടത്തിനിറങ്ങിയ ദ്യോക്കോ ജര്‍മന്‍ താരം യാന്‍ ലെന്നാര്‍ഡ് സ്ട്രഫിനെയാണ് കീഴടക്കിയത്. ഖലീഫ ടെന്നീസ് ആന്റ് സ്‌ക്വാഷ് കോംപ്ലക്‌സിലെ സെന്റര്‍ കോര്‍ട്ടില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം നടന്ന മത്സരത്തിലാണ് ദ്യോക്കോ വിജയിച്ചത്. സ്‌കോര്‍ 7-6, 6-3. ആദ്യ സെറ്റില്‍ ദ്യോക്കോവിചിനു ജര്‍മ്മന്‍ താരം കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ആദ്യ നാലു ഗെയിമുകളും നഷ്ടപ്പെടുത്തിയ ദ്യോക്കോ ആദ്യ സെറ്റില്‍ 2- 5 എന്ന സ്‌കോറില്‍ പിന്നില്‍ നിന്ന ശേഷമാണ് മത്സരത്തിലേക്ക് തിരിച്ചുവന്നത്. രണ്ടാം സെറ്റില്‍ ദ്യോക്കോവിചിന്റെ ആധിപത്യമായിരുന്നു.
ലോക പതിനൊന്നാം നമ്പര്‍ താരവും ടൂര്‍ണമെന്റിലെ നാലാം സീഡുമായ ഡേവിഡ് ഗോഫിന്‍, സ്‌പെയിനിന്റെ നിക്കോളസ് അല്‍മാര്‍ഗോ, ജര്‍മ്മനിയുടെ ഡസ്റ്റിന്‍ ബ്രൗണ്‍, ചെക്ക് റിപ്പബ്ലിക്കിന്റെ ജിരി വെസ്‌ലി, അര്‍ജന്റീനയുടെ ഹൊരാസിയോ സെബല്ലോസ് എന്നിവരും രണ്ടാം റൗണ്ടിലെത്തി. ഹോളണ്ടിന്റെ റോബിന്‍ ഹാസിനെ 7-4, 6-2 എന്ന സ്‌കോറിനു ഗോഫിനും ഇറ്റലിയുടെ പൗലോ ലോറന്‍സിയെ 7-6, 4-6, 6-3 എന്ന സ്‌കോറിനു അല്‍മാര്‍ഗോയും അര്‍ജന്റീനയുടെ ഫാക്കുന്‍ഡോ ബാഗ്‌നിസിനെ 6-1, 6-7, 6-4 എന്ന സ്‌കോറിനു ബ്രൗണും തുര്‍ക്കിയുടെ അനില്‍ യുക്‌സെലിനെ 6-2, 6-3 എന്ന സ്‌കോറിനു വെസ്‌ലിയും ജര്‍മനിയുടെ ഫ്‌ളോറിയന്‍ മയറിനെ 6-7, 6-4, 7-6 എന്ന സ്‌കോറിനു സെബല്ലോസും പരാജയപ്പെടുത്തി.
അതേസമയം ഡബിള്‍സില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയും പോളണ്ടിന്റെ മരിയൂസ് ഫിര്‍സ്റ്റെന്‍ബര്‍ഗും ഉള്‍പ്പെട്ട സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായി. സ്‌പെയിനിന്റെ ഡേവിഡ് മാരെരോ സെര്‍ബിയയുടെ നൊദ് സിമോണ്‍ജിക് സഖ്യമാണ് 6-2, 6-4 എന്ന സ്‌കോറിന് ബ്രിട്ടീഷ്- പോളിഷ് സഖ്യത്തെ തകര്‍ത്ത് ക്വാര്‍ട്ടറിലെത്തിയത്. ഫ്രാന്‍സിന്റെ ജെറമി ചാര്‍ഡി- ഫാബ്രിസ് മാര്‍ട്ടിന്‍ സഖ്യവും ബ്രിട്ടന്റെ ഡൊമിനിക് ലിഗ്ലോട്ട് റുമാനിയയുടെ ഫ്‌ളോറിന്‍ മെര്‍ജിയ സഖ്യവും ക്വാര്‍ട്ടറിലെത്തി. സിംഗിള്‍സ് ഒന്നാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മുറെ ഇന്നിറങ്ങും. ഫ്രാന്‍സിന്റെ ജെറമി ചാര്‍ഡിയാണ് എതിരാളി. മൂന്നാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ച് യോഗ്യതാ മത്സരം ജയിച്ചെത്തിയ ഇറ്റലിയുടെ അലസാന്ദ്രോ ഗിയന്നസിയെയും അഞ്ചാം സീഡ് ഫ്രാന്‍സിന്റെ തന്നെ ജോ വില്‍ഫ്രഡ് സോങ ഒന്നാം റൗണ്ടില്‍ റഷ്യയുടെ ആന്ദ്രെ കുസ്‌നെട്‌സോവിനെയും നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."