മോദി സര്‍ക്കാറിന്റെ മൂന്നാമത്തെ ബജറ്റ് ഫെബ്രുവരി ഒന്നിന്
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 ന് ആരംഭിക്കാന്‍ പാര്‍ലമെന്ററി കാര്യ കാബിനറ്റ് കമ്മറ്റി തീരുമാനിച്ചു. പൊതു ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. നരേന്ദ്ര മോദി സര്‍ക്കാറിന്റെ മൂന്നാമത് പൊതു ബജറ്റാണ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുക. ഇത്തവണ റെയില്‍വേ ബജറ്റും പൊതു ബജറ്റില്‍ ഉള്‍പ്പെടുത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ഇതോടെ പ്രത്യേക റെയില്‍വേ ബജറ്റ് എന്ന 92 വര്‍ഷം പഴക്കമുള്ള സമ്പ്രദായം ചരിത്രമാകും.
പ്രത്യേക റെയില്‍വെ ബജറ്റ് ഇല്ലാതായതോടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആദ്യ ഏകീകൃത കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. വിവിധ സര്‍ക്കാര്‍ പദ്ധതികളിലേക്ക് നീക്കിവെക്കുന്ന ഫണ്ട് ഏപ്രില്‍ മാസത്തിനു മുമ്പ് അനുവദിക്കണമെന്ന വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ ആവശ്യം സമ്മേളനത്തില്‍ ചര്‍ച്ചയാകും. ബജറ്റ് സമ്മേളനത്തില്‍ വിവിധ വകുപ്പുകളിലേക്കും പദ്ധതികള്‍ക്കുമുള്ള തുക നീക്കി വെക്കുമെങ്കിലും സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നിന് ശേഷമേ ഫണ്ടുകള്‍ അനുവദിക്കാറുള്ളൂ. ഇത് പദ്ധതികളുടെ നടത്തിപ്പിന് കാലതാമസം വരുത്തുന്നുവെന്നാണ് ആരോപണം.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത് കുമാര്‍, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവര്‍ പങ്കെടുത്ത പാര്‍ലമെന്ററി സമിതിയുടെ യോഗത്തിലാണ് ബജറ്റ് സമ്മേളനം സംബന്ധിച്ച് ധാരണയായത്.
റെയില്‍വെയുടെ അധിക ബാധ്യത ഇല്ലാതാക്കാനാണ് പൊതുബജറ്റിലേക്ക് റെയില്‍വെ ബജറ്റിനെ ലയിപ്പിക്കാന്‍ തീരുമാനിച്ചത്. ഏഴാം ശമ്പള കമ്മിഷന്‍ നടപ്പായതോടെ 40,000 കോടിയുടെ അധിക ബാധ്യതയാണ് റെയില്‍വെക്കുണ്ടായത്. 32,000 കോടി രൂപ സബ്‌സിഡി ഇനത്തില്‍ അധിക ചെലവ് വരുന്നതിനൊപ്പമാണിത്. ഇരു ബജറ്റുകളും ലയിപ്പിച്ചാല്‍ ഓരോ വര്‍ഷവും പൊതു ബജറ്റിലേക്ക് വകയിരുത്തേണ്ട തുക റെയില്‍വേയ്ക്ക് നല്‍കേണ്ടിവരില്ലെന്നതാണ് റെയില്‍വേയ്ക്കുള്ള മെച്ചം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."