ബംഗളുരുവില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവം; നേതാക്കളുടെ പ്രസ്താവനയ്‌ക്കെതിരേ മന്ത്രി കിരണ്‍ റിജിജു
ന്യൂഡല്‍ഹി: നവവത്സരാഘോഷത്തിനിടയില്‍ ബംഗളൂരു നഗരത്തില്‍ സ്ത്രീകള്‍ വ്യാപകമായി അക്രമത്തിന് ഇരയായ സംഭവത്തെക്കുറിച്ച് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പമേശ്വരയുടെയും സ്ത്രീകളുടെ വേഷത്തെക്കുറിച്ച് പ്രസ്താവന നടത്തിയ എസ്.പി നേതാവിന്റേയും പരാമര്‍ശം ശക്തമായ പ്രതിഷേധത്തിന് ഇടയാക്കുന്നു. മന്ത്രിയുടെയും എസ്.പി നേതാവിന്റേയും പ്രസ്താവനകള്‍ നിരുത്തരവാദപരമായതാണെന്ന് അറിയിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു രംഗത്തെത്തിയതോടെ സംഭവം വിവാദമായിട്ടുണ്ട്. പുതുവര്‍ഷാഘോഷത്തിനിടെ ബംഗളുരുവില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ക്ക് കാരണം പാശ്ചാത്യ വസ്ത്രധാരണമാണെന്നും ഇത്തരം ആക്രമണം സാധാരണമാണെന്നുമാണ് കഴിഞ്ഞ ദിവസം കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞത്. അതിനിടയില്‍ മന്ത്രിക്കെതിരേ സമന്‍സയച്ചതായി ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം അറിയിച്ചു.
അതിനിടയില്‍ നഗ്നത വെളിപ്പെടുത്തുന്നതിനെ ഫാഷനായി കാണുന്നതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നമെന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവായ അബു ആസ്മി പ്രസ്താവിച്ചത്. ഇതേതുടര്‍ന്ന് വനിതാ കമ്മിഷന്‍ ഇദ്ദേഹത്തിനെതിരേയും സമന്‍സ് അയച്ചിട്ടുണ്ട്.
സാമൂഹിക ദ്രോഹികളുടെ പ്രവര്‍ത്തനങ്ങള്‍ ന്യായീകരിക്കാവുന്നതല്ലെന്നു പറഞ്ഞ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു, കര്‍ണാടക നേതാക്കളുടെ നിരുത്തരവാദ പ്രസ്താവനകള്‍ പ്രോത്സാഹിപ്പിക്കപ്പെടാവുന്നതല്ലെന്നും വ്യക്തമാക്കി. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും.
ബംഗളുരുപോലുള്ള ഒരു നഗരത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ സംസ്ഥാന സര്‍ക്കാറിന് ബാധ്യതയുണ്ട്. ഒരു പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണമാണ് സ്ത്രീകളുടെ സുരക്ഷയെന്നും കിരണ്‍ റിജിജു ട്വിറ്ററില്‍ കുറിച്ചു.
നഗരത്തില്‍ പുതുവത്സരാഘോഷത്തിനെത്തിയ സ്ത്രീകള്‍ക്കുനേരെ വ്യാപക ലൈംഗികാതിക്രമമാണ് നടന്നിരുന്നത്. ബ്രിഗേഡ് റോഡ്, എം.ജി റോഡ് എന്നിവിടങ്ങളിലാണ് രാത്രി 11ന് ശേഷം അതിക്രമം ഉണ്ടായത്. അക്രമികള്‍ പലരുടെയും ശരീരത്തില്‍ കയറിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എത്തിയ പലര്‍ക്കും ദുരനുഭവമുണ്ടായി. പ്രതികളെ ആരെയും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അക്രമങ്ങള്‍ പൊലിസ് സാന്നിധ്യത്തിലായിരുന്നുവെന്നതും പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."