ജില്ല കലയുടെ തുഞ്ചത്ത്
തിരൂര്‍: തുഞ്ചന്റെ മണ്ണില്‍ കൗമാര കലോത്സവത്തിന് അരങ്ങുണര്‍ന്നതോടെ തിരൂര്‍ പൂരത്തിന്റെ ആവേശ നഗരിയായി. ഇനി നാലു ദിനരാത്രങ്ങള്‍ നീളുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലാ സ്‌കൂള്‍ കലോത്സവത്തിനു ചവിട്ടുനാടകത്തോടെയാണ് കൊടിയേറിയത്.
തിരൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറിയിലെ പ്രധാന വേദി ചവിട്ടുനാടകത്തിനായി ഉണര്‍ന്നപ്പോള്‍ ബോയ്‌സ് സ്‌കൂളില്‍തന്നെ ഒരുക്കിയ രണ്ടാംവേദി ഹൈസ്‌കൂള്‍ വിഭാഗം യക്ഷഗാനത്തിനും അരങ്ങൊരുക്കി. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ആണ്‍-പെണ്‍ വിഭാഗങ്ങളുടെ കഥകളി (സിംഗിള്‍, ഗ്രൂപ്പ് ) മത്സരങ്ങള്‍ മൂന്നാം വേദിയിലും അരങ്ങേറി. ഇന്നലെ വൈകിട്ട് സാംസ്‌കാരിക ഘോഷയാത്രയോടെയാണ് തിരൂര്‍ കലാമാമാങ്കത്തിന്റെ ആവേശത്തിലേക്കും ആരവത്തിലേക്കും വഴിമാറിയത്.
ആദ്യമായി ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ആതിഥ്യമരുളുന്നതിനാല്‍ തിരൂര്‍ പരിമിതികള്‍ക്കിടയിലും നല്ല നിലയിലുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയാണ് കലോത്സവത്തെ വരവേറ്റത്. ജില്ലയിലെ 17 ഉപജില്ലകളില്‍നിന്നായി 297 ഇനങ്ങളിലായി ഒന്‍പതിനായിരത്തോളം കലാ പ്രതിഭകളാണ് തുഞ്ചന്റെ നാട്ടില്‍ കലാവിരുന്നൊരുക്കുന്നത്. തിരൂര്‍ ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, എസ്.എസ്.എം പോളിടെക്ക്‌നിക് കോളജ്, പഞ്ചമി ജി.എല്‍.പി സ്‌കൂള്‍, ഡയറ്റ് , ബി.പി അങ്ങാടി ഗവ. ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായാണ് വേദികള്‍.
609 മത്സരാര്‍ഥികളുമായി മത്സരത്തിനെത്തുന്ന പരപ്പനങ്ങാടി ഉപജില്ലയില്‍നിന്നാണ് പങ്കാളിത്തത്തിലെ പ്രാതിനിധ്യക്കൂടുതല്‍. 440 കലാകാരന്‍മാരെ കലോത്സവത്തിനു കൊണ്ടുവരുന്ന മേലാറ്റൂരാണ് മത്സരാര്‍ഥികളുടെ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍. ആതിഥേയരായ തിരൂരില്‍നിന്ന് 590 കലാപ്രതിഭകളാണ് ഇക്കുറി ജില്ലാ കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."