ട്രഷറികളില്‍ പണമെത്തിയില്ല; പെന്‍ഷന്‍ വിതരണം മുടങ്ങി
മലപ്പുറം: നോട്ടുകള്‍ പിന്‍വലിച്ച് 50 ദിവസത്തിനു ശേഷവും ജില്ലയിലെ ട്രഷറികളില്‍ പ്രതിസന്ധി തീര്‍ന്നില്ല. ശമ്പളവും പെന്‍ഷനും വിതരണം തുടങ്ങിയ ഇന്നലെ ആവശ്യമായ പണം പൂര്‍ണമായും ട്രഷറികളില്‍ എത്തിയില്ല. ജില്ലാ ട്രഷറിയിലും മറ്റു സബ്ട്രഷറികളിലും പെന്‍ഷനുകള്‍ കിട്ടാതെ പലരും മടങ്ങി.
പലയിടങ്ങളിലും പണം തീര്‍ന്നതിനാല്‍ അടുത്ത ദിവസത്തേക്കു ടോക്കണ്‍ നല്‍കി പറഞ്ഞയച്ചു. ട്രഷറികള്‍ ആവശ്യപ്പെട്ട പണത്തിന്റെ പകുതിപോലും ബാങ്കുകള്‍ക്കു നല്‍കാന്‍ കഴിഞ്ഞില്ല. ഓരോ ട്രഷറികള്‍ക്കു മുന്നിലും നീണ്ട വരിയായിരുന്നു. ഉച്ചയോടെയാണ് പല ട്രഷറികളിലും പണം എത്തിയത്. ഇവയെല്ലാം മണിക്കൂറുകള്‍ക്കകം തീര്‍ന്നു. വൈദ്യുതി തകരാറും പുതിയ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറില്‍ അനുഭവപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളും പല ട്രഷറികളിലും കൂനിന്മേല്‍കുരുവായി.
മലപ്പുറം ജില്ലാ ട്രഷറിയില്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ഉച്ചവരെ 20 ലക്ഷം മാത്രമാണ് ലഭിച്ചത്. ഉച്ചയ്ക്ക് ശേഷം 50 ലക്ഷവും ലഭിച്ചു. വേങ്ങര സബ് ട്രഷറിയില്‍ ആവശ്യമുള്ള 50 ലക്ഷത്തില്‍ അഞ്ചു ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. എടക്കരയില്‍ പെന്‍ഷന്‍ വാങ്ങാനെത്തിയ ഭൂരിഭാഗം പേര്‍ക്കും പണമില്ലാത്തതുമൂലം മടങ്ങിപ്പോകേണ്ടിവന്നു. മൂന്നു കോടി രൂപ ആവശ്യമുള്ളിടത്തു പത്തു ലക്ഷം രൂപ മാത്രമാണ് ഇവിടെ ലഭിച്ചത്. എടവണ്ണ സബ്ട്രഷറിയില്‍ ആവശ്യപ്പെട്ട മൂപ്പത് ലക്ഷം രൂപ പൂര്‍ണമായും ലഭിച്ചു. കോട്ടക്കലില്‍ ആദ്യതവണ 60ലക്ഷവും പിന്നീട് നാല്‍പത് ലക്ഷവും ലഭിച്ചു. ഇവിടെ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കണമെങ്കില്‍ ഇനിയും ഒരു കോടി രൂപ ലഭിക്കേണ്ടതുണ്ട്. മഞ്ചേരിയില്‍ 80ലക്ഷം ആവശ്യമുള്ളിടത്ത് 38 ലക്ഷം മാത്രമാണ് ലഭിച്ചത്. പുലമാന്തോള്‍ സബ് ട്രഷറിയില്‍ ആവശ്യപ്പെട്ട 60 ലക്ഷത്തില്‍ പത്തു ലക്ഷം മാത്രമാണ് ലഭിച്ചത്.
ആദ്യം വന്നവര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്ത് ബാക്കിയുള്ളവര്‍ക്ക് ടോക്കണ്‍ നല്‍കി പറഞ്ഞയച്ചു. പൊന്നാനിയില്‍ ഉച്ചവരെ പണമൊന്നും ലഭിച്ചിരുന്നില്ല. ഉച്ചയ്ക്ക് ശേഷം 25 ലക്ഷം ലഭിച്ചെങ്കിലും മുഴുവന്‍ പേര്‍ക്കും തുക വിതരണം ചെയ്യാനായില്ല. ഇനിയും 75 ലക്ഷം രൂപ ലഭിക്കേണ്ടതുണ്ട്. പെരിന്തല്‍മണ്ണ സബ്ട്രഷറിയില്‍ മൂന്നു കോടി രൂപയാണ് ആവശ്യമുള്ളത്. എന്നാല്‍, 60 ലക്ഷം രൂപമാത്രമാണ് ലഭിച്ചത്. തിരൂരില്‍ ഒന്നരകോടി ആവശ്യമുള്ളിടത്ത് 25 ലക്ഷം കിട്ടി. മറ്റു ട്രഷറികളില്‍ ലഭിച്ചത്. ആവശ്യമുള്ളത് ബ്രാക്കറ്റില്‍: തിരൂരങ്ങാടി 50 ലക്ഷം (ഒരു കോടി), നിലമ്പൂര്‍ 15 ലക്ഷം (ഒരു കോടി), വളാഞ്ചേരി 44 ലക്ഷം (70 ലക്ഷം), അരീക്കോട് 20 ലക്ഷം (2.50 കോടി), മക്കരപ്പറമ്പ് 20 ലക്ഷം (70 ലക്ഷം), ചങ്ങരംകുളം 75 ലക്ഷം (51 ലക്ഷം), കരുവാരക്കുണ്ട് 25 (75 ലക്ഷം), വണ്ടൂര്‍ 30 (ഒരു കോടി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."