പട്ടാപ്പകല്‍ ഓട്ടോ തീവച്ച് നശിപ്പിച്ചു
ചങ്ങരംകുളം: യുവാവിന്റെ ഓട്ടോ പട്ടാപ്പകല്‍ തീവച്ചു നശിപ്പിച്ചു. നന്നംമുക്ക് പൂച്ചപ്പടി കോഴിക്കല്‍ നടുപറമ്പില്‍ ആദിലിന്റെ ഓട്ടോയാണ് നശിപ്പിച്ചത്. ചൊവ്വാഴ്ച മൂന്നരയോടെ പൂച്ചപ്പടിയില്‍ വാഹനം നിര്‍ത്തി ഭക്ഷണം കഴിക്കാന്‍പോയ സമയത്താണ് ബൈക്കിലെത്തിയ യുവാവ് പെട്രോളൊഴിച്ച് ഓട്ടോയ്ക്ക് തീവച്ചതായി പറയുന്നത്.
ഓടിക്കൂടിയ നാട്ടുകാര്‍ അടുത്ത വീട്ടില്‍നിന്നു വെള്ളമെത്തിച്ചു തീ കെടുത്തിയെങ്കിലും ഓട്ടോ പൂര്‍ണമായും കത്തിനശിച്ചു. റോഡ് സൈഡിലൂടെ കടന്നുപോയിരുന്ന കേരളവിഷന്‍ ദോസ്തി കേബിള്‍ നെറ്റ്‌വര്‍ക്കിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളും തീപിടിത്തത്തില്‍ നശിച്ചിട്ടുണ്ട്. ആദിലിന്റെ സഹോദരിയുടെ മകളുടെ ഭര്‍ത്താവാണ് സംഭവത്തിനു പിന്നിലെന്നാണ് ആദില്‍ ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസം സഹോദരിയുടെ മകളെ മദ്യപിച്ചും ലഹരി ഉപയോഗിച്ചും മര്‍ദിച്ചതിനു സഹോദരിയുടെ മകളുടെ ഭര്‍ത്താവിനെ ആദില്‍ ചോദ്യം ചെയ്തിരുന്നെന്നും സഹോദരിയുടെ മകളെ നന്നംമുക്കിലെ വീട്ടിലേക്കു കൊണ്ടുവന്നിരുന്നെന്നും പറയപ്പെടുന്നു. ഇതിന്റെ പ്രതികാരമാണ് സംഭവത്തിനു കാരണമെന്നാണ് ആദിലിന്റെ മൊഴി. സംഭവത്തില്‍ ചങ്ങരംകുളം എസ്.ഐ കെ.പി മനേഷിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി തെളിവെടുത്തു. ആദിലിന്റെ പരാതി പ്രകാരം നടുവട്ടം സ്വദേശി നിസാറിനെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."