ജില്ലയിലെ കാര്‍ഷികമേഖലയ്ക്ക് വര്‍ഷം തോറും സര്‍ക്കാര്‍ ചെലവ് കോടികള്‍
ഒലവക്കോട്: നെല്ലറയ്ക്കു വേണ്ടി സര്‍ക്കാര്‍ പ്രതിവര്‍ഷം ചെലവഴിക്കുന്നത് നൂറുകോടി രൂപയെന്നു കൃഷിവകുപ്പ് പറയുമ്പോഴും പദ്ധതികള്‍ വഴി നെല്‍ കര്‍ഷകര്‍ക്കു ലഭിക്കുന്ന പ്രയോജനം പൂജ്യം. കാര്‍ഷികമേഖലയ്ക്കും വളര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടി സര്‍ക്കാര്‍ ചെലവഴിക്കുന്ന കോടിക്കണക്കിനു രൂപയും ഇതിന്റെ പ്രയോജനവും കര്‍ഷകര്‍ക്കു ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി നിലനില്‍ക്കുമ്പോള്‍ തന്നെയാണ് കാര്‍ഷികവകുപ്പ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിടുന്നത്.
പദ്ധതികള്‍ വഴി കര്‍ഷകര്‍ക്ക് എത്രമാത്രം ഗുണം ലഭിച്ചുവെന്ന ചോദ്യത്തിനു മറുപടി പറയാന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്ക് കഴിയുന്നില്ല. പുതുതലമുറയെ നെല്‍കൃഷിയിലേക്ക് ആകര്‍ഷിക്കണമെന്ന് മാറിവരുന്ന സര്‍ക്കാരുകളെല്ലാം ആവശ്യപ്പെടുമ്പോഴും നിലവിലുള്ള കര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ നടപടികളൊന്നും ഉണ്ടാകില്ലെന്നാണ് കര്‍ഷകരുടെ പരാതി.
കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ തന്നെ ആവര്‍ത്തിച്ച് ആവശ്യപ്പെടുമ്പോഴും ആസൂത്രണത്തിലെ അപാകതകള്‍ ഈ മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുകയാണ്. വരുംകാലത്തെക്കുറിച്ച് യാതൊരുവിധ കാഴ്ചപ്പാടുകളു മില്ലാത്ത പദ്ധതികളാണ് കാലങ്ങളായി ഇവിടെ അനുവര്‍ത്തിക്കപ്പെടുന്നത്. സ്ഥിതി വിവര ശേഖരണവകുപ്പിന്റെ ഏറ്റവും പുതിയ കണക്കുപ്രകാരം സംസ്ഥാനത്തെ അഞ്ചിലൊന്ന് നെല്‍കൃഷിയും പാലക്കാട്ടാണുള്ളത്.
ജില്ലയില്‍ ഇപ്പോള്‍ 78.619 ഹെക്ടര്‍ നെല്‍കൃഷിയാണുള്ളത്. സംസ്ഥാനത്ത് വയല്‍ വിസ്തൃതി 75%ത്തോളം കുറഞ്ഞിട്ടുണ്ടെന്നാണ് കൃഷിവകുപ്പുകള്‍ വ്യക്തമാക്കുന്നത്. പാലക്കാട് ജില്ലയില്‍ ഇതു 50% ത്തോളമാണ്. സംസ്ഥാനത്തിന് ആനുപാതികമായിട്ടുള്ള കുറവ് ജില്ലയില്‍ സംഭവിക്കാതിരുന്നത് ചില സവിശേഷ സാഹചര്യങ്ങള്‍ മൂലമാണ്.
താളം തെറ്റി പെയ്ത മഴയോ കത്തുന്ന ചൂടോ ഒന്നും ഇവിടെ കര്‍ഷകനെ തളര്‍ത്തിയില്ല. ഒരു അനുഷ്ഠാനം കണക്കെ കാര്‍ഷികവൃത്തി ശീലമാക്കിയ കര്‍ഷകമനസാണ് ഇതിനു കാരണം.
പാലക്കാട് ജില്ലയില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിലും ഇതിനു പരിഹാരം കാണുന്നതിലും കര്‍ഷക പ്രസ്ഥാനങ്ങളും സംഘടനകളും തികഞ്ഞ പരാജയമാണ്. ദീര്‍ഘവീക്ഷണമില്ലാത്ത പദ്ധതികള്‍ തിരുത്തുന്നതിനും കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും ഗുണപ്രദമാക്കുന്ന രീതിയില്‍ സര്‍ക്കാരിനെക്കൊണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യിക്കുന്നതിലും ഇവര്‍ തികഞ്ഞ പരാജയമാണ്.
ഈ നിലയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോയാല്‍ പാലക്കാടന്‍ നെല്‍വയലുകളും കര്‍ഷകര്‍ക്കൊപ്പം ഇല്ലാതാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."