സ്‌കൂളില്‍ കൃഷി പാഠ്യവിഷയമാക്കണം: വി.എസ്. അച്ചുതാനന്ദന്‍ എം.എല്‍.എ
പാലക്കാട്: സ്‌കൂള്‍ സിലബസില്‍ കൃഷിയും പാഠ്യ വിഷയമാക്കണമെന്ന് ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എ യുമായ വി.എസ്.അച്ചുതാനന്ദന്‍ പറഞ്ഞു. മലമ്പുഴ മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. സിലബസിലെ പാഠഭാഗങ്ങളോടൊപ്പം കുട്ടികളില്‍ മാനസികവും വൈകാരികവും ചിന്താപരവുമായ ശേഷികള്‍ വിലയിരുത്തുന്ന രീതിയിലുള്ള പഠന സംവിധാനമാണ് നടപ്പാക്കേണ്ടത്. കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമിട്ടുകൊണ്ടാണ് സര്‍ക്കാര്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നവകേരളാ മിഷന്റെ നാല് പദ്ധതികളിലൊന്നായാണ് സമഗ്ര വിദ്യാഭ്യാസ പദ്ധതി മണ്ഡലങ്ങളില്‍ നടപ്പാക്കുന്നത്.പദ്ധതി നടപ്പിലാക്കാന്‍ വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. പഠന-അധ്യാപന നിലവാരം അന്താരാഷ്ട്ര തലത്തിലേക്കുയര്‍ത്തുക. ലാബുകള്‍ നവീകരിക്കുക, വിദ്യാലയങ്ങളില്‍ ജൈവവൈവിധ്യ പ്രവര്‍ത്തനങ്ങള്‍, സംഘടിപ്പിക്കുക തുടങ്ങിയ പ്രവൃത്തികള്‍ ഇതിന്റെ ഭാഗമായി നടപ്പാക്കുമെന്നും വി.എസ്. അച്ചുതാനന്ദന്‍ എം.എല്‍.എ പറഞ്ഞു.
പദ്ധതി ആവിഷ്‌കരിക്കുന്നതിനായി അക്കാദമിക് കൗണ്‍സിലുകള്‍ അധ്യാപക-രക്ഷാകര്‍തൃ സമിതികള്‍ , പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. പദ്ധതിയുടെ ആദ്യ ഘട്ടമായി എലപ്പുള്ളി ഗവ.എ.പി.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും അകത്തേത്തറ ഗവ.യു.പി സ്‌കൂളിനെയും അന്താരാഷ്ട്രാ നിലവാരത്തിലേക്കുയര്‍ത്തും. തെരഞ്ഞെടുത്ത അഞ്ച് സ്‌കൂളുകളിലെ ലാബുകള്‍ നവീകരിക്കും. അധ്യാപകരുടെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും രക്ഷിതാക്കളുടെയും ശില്പശാല ജനുവരി 29ന് നടത്തും.
പാലക്കാട് റസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷൈജ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.കെ. നാരായണന്‍, വി. ഇന്ദിരാ രാമചന്ദ്രന്‍, എം.കെ. കുട്ടികൃഷ്ണന്‍, കെ. ഉണ്ണികൃഷ്ണന്‍, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം. കാസിം, റഷീദ് കണിച്ചേരി, ഡോ. കെ.വാസുദേവന്‍പിള്ള, പി. കൃഷ്ണദാസ്, ജനപ്രതിനിധികള്‍, അധ്യാപക സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."