ബി.ജെ.പി പ്രകടനത്തിനിടെ തര്‍ക്കം; ബസിന്റെ ചില്ലുകള്‍ തകര്‍ത്തു
മണ്ണാര്‍ക്കാട്: ബി.ജെ.പി പ്രകടനത്തിനിടെ സ്വകാര്യ ബസ് പ്രവര്‍ത്തകരുടെ മേല്‍ തട്ടിയെന്നാരോപിച്ച് ബസിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ചൊവ്വാഴ്ച രാത്രി 6.45ഓടെയാണ് മണ്ണാര്‍ക്കാട് കെ.ടി.എം സ്കൂള്‍ പരിസരത്ത് വെച്ച് സംഭവമുണ്ടായത്. കാസര്‍ഗോഡ് ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രധിഷേധിച്ച് നഗരത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിന് തൊട്ടു പിന്നാലെ എത്തിയ സെന്റ് ആന്റണീസ് എന്ന സ്വകാര്യ ബസ് പ്രകടനത്തെ മറികടന്ന് പോവാന്‍ ശ്രമിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. ബി.ജെ.പി പ്രവര്‍ത്തകരായ ഷിജീശ്, സജീഷ് എന്നിവര്‍ക്ക് ബസ് തട്ടി വീണുവെന്നാണ് ബി.ജെപി പ്രവര്‍ത്തകരുടെ ആരോപണം. എന്നാല്‍ ബസ് ആരുടെ മേലും തട്ടിയിട്ടില്ലെന്നും ബസ് ജീവനക്കാരും പറയുന്നു. രോഷാകുലരായ ബി.ജെ.പി പ്രവര്‍ത്തകര്‍ ബസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഇരുവിഭാഗവും മണ്ണാര്‍ക്കാട് പൊലിസില്‍ പരാതി നല്കി. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് മണ്ണാര്‍ക്കാട് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."