വിദേശികളുടെ അധിക ഫീസ് ചുമത്താനുള്ള തീരുമാനം ശൂറാ കൗണ്‍സില്‍ പുനപരിശോധിക്കുന്നു
ജിദ്ദ: എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സഊദിയിലേക്കുള്ള എന്‍ട്രി വിസ, ട്രാന്‍സിറ്റ് വിസ, റീ എന്‍ട്രി വിസ എന്നിവക്ക് ഫീസ് വര്‍ധിപ്പിച്ചത് ശൂറാ കൗണ്‍സില്‍ പരിശോധിക്കുമെന്ന് മുതിര്‍ന്ന അംഗം അറിയിച്ചു. ഇതു സംബന്ധിച്ച് ശൂറയില്‍ സാമ്പത്തിക സമിതിയാണ് വിഷയം ഉന്നയിച്ചത്.
വിഷന്‍ 2030ന്റെ ഭാഗമായി രാജ്യത്തു നടപ്പാക്കിയ പുതിയ നിയമങ്ങളെയും ഫീസുകളെയും കുറിച്ചാണ് അടുത്ത ആഴ്ച്ച നടക്കുന്ന ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പെട്രോള്‍ ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ മറ്റു ചില നിയമങ്ങളും ശൂറാ അവലോകനത്തിന് വരും.
രാജ്യത്തെ വിമാനത്താവളങ്ങളും വ്യോമയാന സേവനങ്ങളും ഉപയോഗിക്കുന്നവര്‍ക്ക് സഊദി സിവില്‍ എവിയേഷന്‍ നിയമഭേദഗതിയിലൂടെ ഏര്‍പ്പെടുത്തുന്ന പുതിയ ഫീസ്, കടകള്‍ക്കും കെട്ടിട നിര്‍മാണത്തിനും വാണിജ്യ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും തദ്ദേശഭരണ വകുപ്പ് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ് എന്നിവയും കൗണ്‍സില്‍ ചര്‍ച്ചക്കെടുക്കും. സാമ്പത്തിക സമിതി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനമാക്കിയാണ് അവലോകനം.
പുതുതായി ഏര്‍പ്പെടുത്തിയ ഫീസുകള്‍ സ്വദേശികളെയും വിദേശികളെയും ഏത് വിധത്തില്‍ ബാധിക്കുന്നുവെന്നും ദേശീയ പരിവര്‍ത്തന പദ്ധതിക്ക് എത്ര ഗുണം ചെയ്യുമെന്നും ശൂറ അവലോകനം ചെയ്യുമെന്നും ശൂറാ അംഗം അറിയിച്ചു.
അതേസമയം ജൂലൈ മുതല്‍ പ്രവാസികളുടെയും അവരുടെ ആശ്രിതരുടെയും മേല്‍ ചുമത്തുന്ന ഫീസ് സ്വകാര്യമേഖലയ്ക്ക് വലിയൊരു ബാധ്യതയായി തീരുമെന്ന് കാണിച്ച് പല സ്വദേശി കമ്പനികളും റിയാദ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ടറി അടക്കമുള്ളവര്‍ മുന്നറിയിപ്പുമായി രംഗത്തു വന്നിരുന്നു.
ഇതു പ്രവാസികളെയും അവരുടെ ആശ്രിതരെയും മാത്രമല്ല ബാധിക്കുക. പ്രവാസികളെ ജോലിയ്‌ക്കെടുക്കുന്ന തൊഴിലുടമകളെക്കൂടി ഇത് ബാധിക്കുമെന്നും രാജ്യത്തെ തൊഴില്‍ പരിസ്ഥിതിയെ മോശമായി ബാധിക്കുമെന്ന കാണിച്ച് റിയാദ് ചേംബറിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് സെക്യൂരിറ്റീസ് കമ്മിറ്റി മെമ്പര്‍ അബ്ദുല്ല അല്‍മഗ്ലൂദ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
പല കോണുകളില്‍നിന്നു പ്രതിഷേധത്തെ തുടര്‍ന്നാണ് അടുത്ത ആഴ്ച നടക്കുന്ന ശൂറാ കൗണ്‍സില്‍ വിശദമായി ഇതു സബന്ധിച്ച് ചര്‍ച്ച നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."