ബഹ്‌റൈനില്‍ തീവ്രവാദികള്‍ ജയില്‍ ആക്രമിച്ച് രക്ഷപ്പെട്ട സംഭവം: അന്വേഷണം പുരോഗമിക്കുന്നു
മനാമ: ബഹ്‌റൈനിലെ ജൗ ജയിലില്‍ തീവ്രവാദികള്‍ അക്രമം നടത്തി ഒരു പൊലിസുകാരനെ വധിക്കുകയും 10 തടവു പുള്ളികളെ രക്ഷപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കൂടാതെ, സായുധ സംഘത്തിന്റെ ആക്രമണത്തിനു പിന്നില്‍ ഇറാന്റെ കരങ്ങളുണ്ടെന്ന് വ്യക്തമായതായും ആഭ്യന്തര മന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.
ഇതിനിടെ ഭീകരാക്രമണത്തിനിടെ ജയില്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവം ന്യായീകരിച്ചും രക്ഷപ്പെട്ടവരെ നായകരാക്കിയും ഇറാന്‍ സ്വാധീനത്തിലുള്ള ടെലിവിഷന്‍ ചാനല്‍ കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഭീകരവാദികളെ വെള്ളപൂശാനാണ് ഈ ചാനല്‍ ശ്രമിച്ചത്. ഇറാന്റെ സാമ്പത്തിക പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ചാനല്‍ ജയില്‍ ആക്രമണത്തെ ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നത് ഇറാന്റെ നേരിട്ടുള്ള ഇടപെടലിന് മറ്റൊരു തെളിവ് കൂടിയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ബഹ്‌റൈനിലെ ജയിലില്‍ നടത്തിയ ആക്രമണത്തെ ജി.സി.സിയും അറബ് പാര്‍ലമെന്റും അപലപിച്ചു.
ജൗ ജയിലിന് നേരെ നടന്നത് ഹീനമായ ഭീകര ആക്രമണമാണെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാശിദ് അസ്സയാനി പറഞ്ഞു.
ഭീകരതക്കെതിരായ പോരാട്ടത്തില്‍ അദ്ദേഹം ബഹ്‌റൈന് പിന്തുണയും പ്രഖ്യാപിച്ചു.
ആക്രമണത്തില്‍ രക്തസാക്ഷിയായ പൊലിസുകാരന്റെ കുടുംബത്തെ അനുശോചനം അറിയിക്കുകയും പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥന്റെ ആരോഗ്യനില മെച്ചപ്പെടട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
ജയിലിലുണ്ടായത് ഭീരുത്വനടപടിയാണെന്നും ഈ സംഭവം ബഹ്‌റൈനി ജനതയെയും സുരക്ഷാ സേനയെയും ഭീകരതക്കെതിരായ പോരാട്ടത്തില്‍ നിന്ന് പിന്നോട്ട് വലിക്കില്ലെന്നും അറബ് പാര്‍ലമെന്റ് സ്പീക്കര്‍ ഡോ. മിഷാല്‍ ബിന്‍ ഫാഹെം അല്‍ സല്‍മി പറഞ്ഞു.
ബഹ്‌റൈന് അറബ് പാര്‍ലലെന്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളും സംഭവത്തെ അപലപിച്ചു പ്രസ്താവനകളിറക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."