'ഡി ലാ റ്യൂ'വിന്റെ വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവച്ചു
തിരുവനന്തപുരം: പ്ലാസ്റ്റിക് കറന്‍സി അച്ചടിക്കുന്നതുമായി ബന്ധപ്പെട്ട ആരോപണത്തിനു മറുപടി നല്‍കാത്തതിനെത്തുടര്‍ന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്കു കത്തയച്ചു.
സംയുക്ത പാര്‍ലമെന്ററി സമിതി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ബ്രിട്ടിഷ് കമ്പനി 'ഡി ലാ റ്യൂ'വിന്റെ വിവരങ്ങള്‍ ഇന്തോ,ബ്രിട്ടിഷ് ടെക് ഉച്ചകോടി വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തതായി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്ലാസ്റ്റിക് നോട്ട് അടിക്കാന്‍ തയാറാക്കിയ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഈ കമ്പനിയെകുറിച്ച് താന്‍ ആരോപണംഉന്നയിച്ചതിന് പിന്നാലെയാണ് വിവരങ്ങള്‍ സൈറ്റില്‍ നിന്ന് നീക്കം ചെയ്തത്.
തന്റെ ആരോപണങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ മറുപടി പറഞ്ഞില്ലെന്നും കമ്പനിയെകുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മറച്ചുവച്ചെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
ഡി ലാ റ്യൂവിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ വ്യാപിപ്പിക്കാനും അവരുമായി ചേര്‍ന്ന് പ്ലാസ്റ്റിക് നോട്ട് അച്ചടിക്കാന്‍ നടപടി സ്വീകരിക്കാനും ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്കു കത്തയച്ചതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സംയുക്ത പാര്‍ലമെന്ററി സമിതി കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനി ഉച്ചകോടിയുടെ പ്ലാറ്റിനം പാര്‍ട്ണറായത് സംബന്ധിച്ച് താന്‍ തെളിവുസഹിതമാണ് ആരോപണം ഉന്നയിച്ചിരുന്നത്.
സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്, കേന്ദ്രമന്ത്രിമാര്‍ നല്‍കിയ അറിയിപ്പ്, കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട്, കമ്പനി സി.ഇ.ഒയുടെ പത്രസമ്മേളന വിവരങ്ങള്‍ എന്നീ തെളിവുകളും സൈറ്റ് ലിങ്കുകളും പുറത്തുവിട്ടു. എന്നാല്‍, മറുപടി നല്‍കാതെ വിവരങ്ങള്‍ നീക്കം ചെയ്യുകയാണുണ്ടായതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നു ശുപാര്‍ശ നല്‍കിയ കമ്പനി മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായതായും ഉച്ചകോടിയുടെ പ്ലാറ്റിനം പാര്‍ട്ണര്‍ ആകുന്നതായും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൈന, പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കറന്‍സി അച്ചടിച്ചു നല്‍കുന്ന കമ്പനിയാണ് ഡി ലാ റ്യൂ എന്ന് ആരോപണമുണ്ടെന്നും 10 രൂപയുടെ നൂറുകോടി പ്ലാസ്റ്റിക് നോട്ടുകള്‍ അടിക്കാന്‍ അവരെ ഏല്‍പിച്ചതു സംശയകരമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ ധനമന്ത്രി തയാറായില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."