പതറാത്ത മനസുമായി മന്ത്രിക്കസേരയിലേക്ക്
കണ്ണൂര്‍: പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞാല്‍ കണ്ണൂര്‍ സി.പി.എമ്മിലെ കരുത്താണു പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്‍. പാര്‍ട്ടിക്കുവേണ്ടി ത്യാഗോജ്വല പോരാട്ടങ്ങള്‍ നടത്തിയ ജയരാജനു മന്ത്രിസ്ഥാനം ലഭിക്കുമ്പോള്‍ അത് അര്‍ഹതയ്ക്കുള്ള അംഗീകാരം കൂടിയാണ്. മരണത്തെ മുഖാമുഖം കണ്ടു ജീവിതത്തിലേക്കു തിരിച്ചെത്തിയ പോരാളിയാണ് ഇ.പി ജയരാജന്‍.
സി.പി.എം ജില്ലാ സെക്രട്ടറിയായിരിക്കെ 1995 ഏപ്രില്‍ 12ന് ചണ്ഡീഗഢില്‍ നടന്ന 15ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തു മടങ്ങവെ ആന്ധ്രയിലെ ചിരാല റെയില്‍വേ സ്‌റ്റേഷനു സമീപം ട്രെയിനില്‍ ഇ.പി ജയരാജനു വെടിയേല്‍ക്കുകയുണ്ടായി. സി.പി.എം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിലൂടെ നാലുതവണ ഇ.പി അടക്കമുള്ള നേതാക്കളെ ലക്ഷ്യമാക്കി ബോംബാക്രമണവുമുണ്ടായി. 1991ല്‍ അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ച് ആദ്യമായി നിയമസഭയിലെത്തി. 2011ലും ഇക്കുറിയും മട്ടന്നൂരില്‍ നിന്നു വീണ്ടും നിയമസഭയിലെത്തി. കണ്ണൂര്‍ വിമാനത്താവളം മട്ടന്നൂര്‍ മണ്ഡലത്തിലായതിനാല്‍ ഇതിന്റെ ചുമതല കൂടി ഇ.പിക്കു ലഭിച്ചക്കും. പാപ്പിനിശ്ശേരി ഇരിണാവ് സ്വദേശിയായ ഇ.പി കീച്ചേരിയിലാണു താമസം. പരേതരായ കൃഷ്ണന്‍ നമ്പ്യാരുടെയും പാര്‍വതിയമ്മയുടെയും മകനാണ്. ഭാര്യ: പി.കെ ഇന്ദിര(ജില്ലാ സഹകരണബാങ്ക് മാനേജര്‍), മക്കള്‍: ജയ്‌സണ്‍ (ബി.ബി.സി ന്യൂസ് കൊച്ചി), ജിതിന്ത് രാജ്(ദുബൈ). മരുമക്കള്‍: ജില്‍ന, സംഗീത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."