എസ്.പി എം.എല്‍.എയുടെ അംഗരക്ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ 100 കോടി രൂപ
കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എയുടെ അംഗരക്ഷന്റെ ബാങ്ക് അക്കൗണ്ടില്‍ നൂറുകോടി രൂപ കണ്ടെത്തി. എസ്.പി എം.എല്‍.എ ഇര്‍ഫാന്‍ സോളങ്കിയുടെ അംഗരക്ഷകനായ ഗുലാം ജിലാനിയുടെ ബാങ്ക് അക്കൗണ്ടിലാണ് ഇത്രയും തുക കണ്ടെത്തിയത്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗുലാം ജിലാനി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. എ.ടി.എമ്മില്‍നിന്നു കഴിഞ്ഞ ദിവസം രാത്രി പണം പിന്‍വലിച്ചപ്പോഴാണ് 99,99,02,724 രൂപ ക്രഡിറ്റായതായി കണ്ടത്. തുടര്‍ന്ന് അത്ഭുതപ്പെട്ട ജിലാനി സോളങ്കിയുടെ അടുത്തെത്തി വിവരം പങ്കുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് സോളങ്കിയാണ് ഇക്കാര്യം ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍ രാജ് ശര്‍മയെ അറിയിച്ചത്.
പൊലിസ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജിലാനിയുടെ അക്കൗണ്ട് മരവിപ്പിച്ചു. സംഭവത്തില്‍ പരാതി തയാറാക്കി സമര്‍പ്പിക്കാന്‍ ജിലാനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൗശല്‍ രാജ് ശര്‍മ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയിലെ പാട്രുവാനക്കാരനായ ജിലാനി കാണ്‍പൂരിലെ ജജ്മാവുവില്‍ ഇപ്പോള്‍ വാടകവീട്ടിലാണു താമസിക്കുന്നത്. കാണ്‍പൂരിലെ എസ്.ബി.ഐ മാള്‍ റോഡ് ശാഖയിലെ ജിലാനിയുടെ അക്കൗണ്ടിലാണ് ഇത്രയും തുക എത്തിയത്.
നേരത്തെ, നോട്ടുനിരോധനത്തിനു പിറകെ ഇത്തരത്തില്‍ നിരവധി ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് ഉറവിടം വെളിപ്പെടാത്ത വന്‍ തുക എത്തിയിരുന്നു. മീറത്തിലെ ഒരു സ്ത്രീയുടെ ജന്‍ധന്‍ അക്കൗണ്ടിലും കഴിഞ്ഞ മാസം 100 കോടി രൂപ കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."