വന്യജീവി ആക്രമണം:നഷ്ടപരിഹാരത്തിന് കൂടുതല്‍ തുക അനുവദിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: ജില്ലയില്‍ വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് കൂടുതല്‍ തുക അനുവദിക്കുമെന്നും വന്യജീവി ആക്രമണത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നും വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു.
ഇതു സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു ജനപങ്കാളിത്തത്തോടെയുള്ള നടപടികളാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നും ഇതിനായി വനമേഖലയിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍, ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍,വനസംരക്ഷണസേനാ പ്രതിനിധികളും അടങ്ങുന്ന സമിതി ഒരു സ്ഥിരം സംവിധാനമായിരിക്കും ഇത്. വന്യജീവി ആക്രമണം സംബന്ധിച്ച് ജനങ്ങളെ വിവരമറിയിക്കുക, നാശനഷ്ടം സന്ദര്‍ശിച്ച സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുക,ആക്രമമുണ്ടാവുന്ന സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് വേണ്ടുന്ന സഹായസഹകരണങ്ങളും സംരക്ഷണവും ഉറപ്പുവരുത്തുക എന്നിവ സമിതിയുടെ ഉത്തരവാദിത്തങ്ങളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വന്യജീവികളുടെ സാന്നിധ്യം സംബന്ധിച്ച് അതത് മേഖലയിലെ ജനങ്ങള്‍ക്ക് എസ്.എം.എസ് നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തും.ജില്ലയില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന് പ്രത്യേക പരിഗണന നല്‍കി പ്രവര്‍ത്തനം ശക്തമാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണം. അംഗസംഖ്യ ഉയര്‍ത്തുന്നതിനും വാഹനമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ടീമിന് ലഭ്യമാക്കുന്നതിനും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് തിരുവന്തപുരം ഡിവിഷനില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ലഭിച്ച അപേക്ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക ചടങ്ങില്‍ വിതരണം ചെയ്തു. ചടങ്ങില്‍ എം .എല്‍ .എ മാരായ ഡി .കെ. മുരളി, കെ. ശബരീനാഥ്, ജില്ലാ കലക്ടര്‍ എസ് .വെങ്കിടേസപതി, സബ്കലക്ടര്‍ ഡോ.ദിവ്യ എസ് .അയ്യര്‍, ചീഫ് പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ .പി. എസ് .ജോഷി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."