മീനച്ചിലാര്‍ പുറമ്പോക്ക് കൈയേറ്റ സര്‍വേ നാളെ പുനരാരംഭിക്കുന്നു
ഏറ്റുമാനൂര്‍: മന്ത്രിക്കും കലക്ടര്‍ക്കും മുകളിലാണോ കൈയേറ്റക്കാരെന്ന് ജില്ലാ കലക്ടറോട് റവന്യൂ മന്ത്രി. മീനച്ചിലാറിന്റെ തീരപ്രദേശം കൈയേറിയ വിഷയത്തില്‍ നടപടിയെടുക്കുന്നതില്‍ റവന്യൂ അധികൃതര്‍ അലംഭാവം കാട്ടുന്നത് ശ്രദ്ധയില്‍പ്പെട്ട മന്ത്രി വീണ്ടും ഇടപെട്ടതിനെ തുടര്‍ന്ന് പുറമ്പോക്ക് അളന്ന് തിട്ടപെടുത്തുന്നതിനുള്ള സര്‍വേ ജോലികള്‍ പുനരാരംഭിക്കുന്നു. പാതി വഴിയില്‍ നിര്‍ത്തിയ അളക്കല്‍ ജോലികള്‍ നാളെ തുടരുമെന്ന് കോട്ടയം അഡീഷണല്‍ തസഹസില്‍ദാര്‍ പറഞ്ഞു.
ഏറ്റുമാനൂര്‍ നഗരസഭാ പതിനെട്ടാം വാര്‍ഡില്‍ പേരൂര്‍ വില്ലേജിലെ പൂവത്തുംമൂട് പാലം മുതല്‍ കിണറ്റിന്‍മൂട് തൂക്കു പാലം വരെയുള്ള 35 ഏക്കറോളം വരുന്ന ആറ്റു പുറമ്പോക്ക് സ്വകാര്യവ്യക്തികള്‍ കൈയേറിയത് വന്‍ വിവാദമായിരുന്നു. റവന്യു അധികൃതര്‍ കൈയേറ്റക്കാര്‍ക്കനുകൂലമായ നിലപാടെടുക്കുന്നത് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ജില്ലാ കലക്ടറോട് വിശദീകരണം തേടിയത്. പുറമ്പോക്ക് ഭൂമി കൈയേറിയത് എത്രയും വേഗം അളന്നു തിട്ടപ്പെടുത്തണമെന്ന മന്ത്രിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് ഇത് മറികടന്ന് കൈയേറ്റക്കാര്‍ക്കനുകൂലമായ നിലപാട് സ്വീകരിച്ച് അഡീഷണല്‍ തഹസില്‍ദാര്‍ സര്‍വേ ജോലികള്‍ നിര്‍ത്തിവെപ്പിച്ചത്.
സര്‍വേ നിര്‍ത്തിവച്ച് രണ്ട് മാസം പിന്നിട്ടിട്ടും തുടര്‍നടപടികളുണ്ടാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് മോന്‍സി പെരുമാലില്‍ തിരുവനന്തപുരത്തെത്തി മന്ത്രിയെ നേരില്‍ കണ്ട് പരാതിപെടുകയായിരുന്നു.
തുടര്‍ന്നാണ് ഇവരുടെ സാന്നിദ്ധ്യത്തില്‍ തന്നെ മന്ത്രി ജില്ലാ കലക്ടറെ ഫോണില്‍ വിളിച്ച് ശാസിച്ചത്. സര്‍വേയര്‍മാരുടെ കുറവാണ് അളക്കല്‍ നിര്‍ത്തിവെപ്പിച്ചതിന് കാരണമായി കലക്ടര്‍ പറഞ്ഞെങ്കിലും ഉള്ള സര്‍വേയര്‍മാരെ കൊണ്ട് സര്‍വേ തുടരാന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നു. മാത്രമല്ല എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവശ്യപ്പെട്ട് കലക്ടര്‍ക്കുള്ള കത്ത് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുടെ പക്കല്‍ കൊടുത്തു വിടുകയും ചെയ്തു.
കഴിഞ്ഞ ജൂണില്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, റവന്യൂമന്ത്രി, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ എന്നിവര്‍ക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വകുപ്പ് മന്ത്രിയുടെ ഉത്തരവ് മാനിച്ച് പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തതിന് നടപടികളായി.
പക്ഷെ പല കാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ അളവ് മാറ്റിവെച്ചു കൊണ്ടിരുന്നു. വിഷയം കൂടുതല്‍ വിവാദമായതോടെ കഴിഞ്ഞ ഒക്ടോബറില്‍ സര്‍വേയര്‍മാരെത്തി അളവ് ആരംഭിച്ചു. പൂവത്തുംമൂട് പാലത്തിന് ചുവട്ടില്‍ നിന്നാരംഭിച്ച സര്‍വേ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മുന്നറിയിപ്പ് ഇല്ലാതെ അഡീഷണല്‍ തഹസില്‍ദാര്‍ തന്നെ നിര്‍ത്തിവപ്പിച്ചു. ഫണ്ട് അനുവദിച്ചില്ലെന്നും സര്‍വേയര്‍മാരില്ലെന്നുമാണ് വിവാദഭൂമിയിലേക്ക് പ്രവേശിക്കും മുമ്പേ തന്നെ അളവ് നിര്‍ത്തിയതിന് കാരണമായി പറഞ്ഞത്.
അളന്നു തിരിക്കുന്ന ഭൂമിയില്‍ ഇടാന്‍ അതിര്‍ത്തി കല്ലു പോലും അന്ന് കൊണ്ടുവന്നിരുന്നില്ല.കൈയേറ്റക്കാരുമായി ഒത്തുകൊണ്ട് മുന്‍വിധിയോടെയുള്ള നീക്കമായിരുന്നു ഇതെന്നായിരുന്നു ആരോപണം.
തന്റെ ഉത്തരവ് ഉണ്ടായിട്ടും സര്‍വേ നിര്‍ത്തിവച്ചതിനെപ്പറ്റി അന്വേഷിക്കുമെന്ന് അന്ന് മന്ത്രി മാധ്യമത്തോട് പറഞ്ഞിരുന്നു. ഹൈക്കോടതി വിധിയനുസരിച്ച് മീനച്ചിലാറിന്റെ തീരപ്രദേശം മുഴുവന്‍ അളന്നു തിരിക്കുന്നതിന് ഒരു പ്രത്യേക സംഘത്തെ സര്‍വേ ഡയറക്ടര്‍ നിയോഗിക്കുമെന്നും അപ്പോള്‍ മാത്രമേ പേരൂരിലെ വിവാദ ഭൂമിയും ഇനി അളക്കൂ എന്നുമാണ് അന്ന് അഡീഷണല്‍ തഹസില്‍ദാര്‍ പറഞ്ഞത്. അങ്ങിനെയെങ്കില്‍ പിന്നെന്തിനാണ് ഇവര്‍ അളക്കല്‍ ജോലികള്‍ ആരംഭിച്ചതെന്നും മന്ത്രി ചോദിച്ചിരുന്നു.
അന്ന് നിര്‍ത്തിവെച്ച അളക്കലിന്റെ ബാക്കിയാണ് നാളെ ആരംഭിക്കുന്നത്. സര്‍വേ ജോലികള്‍ക്കിടയില്‍ കാട് വെട്ടി തെളിക്കുക, സര്‍വേ കല്ലുകള്‍ ലഭ്യമാക്കുക തുടങ്ങിയ സഹായങ്ങള്‍ ചെയ്യണമെന്നും നഗരസഭാ സെക്രട്ടറിയോ പ്രതിനിധിയോ സ്ഥലത്ത് ഹാജരാകണമെന്നും ആവശ്യപ്പെട്ട് അഡീഷണല്‍ തഹസില്‍ദാര്‍ നഗരസഭക്ക് കത്ത് നല്‍കിയിട്ടുണ്ട്.
പേരൂര്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 30ല്‍ 433, 507 എന്നീ സര്‍വേ നമ്പരുകളില്‍പ്പെട്ട ഭൂമിയാണ് അളന്നു തിരിക്കുന്നത്.
ഇതിനിടെ വിവാദഭൂമിയിലെ മരങ്ങള്‍ അനധികൃതമയി മുറിച്ചു മാറ്റുന്നത് ഇപ്പോഴും തുടരുകയാണ്.
പുറമ്പോക്ക് ഭൂമിയില്‍ നിന്നോ സര്‍ക്കാര്‍ ഭൂമിയെന്ന് സംശയിക്കുന്ന സ്ഥലത്തു നിന്നോ ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ മരങ്ങള്‍ മുറിക്കരുതെന്ന നിര്‍ദേശം മറികടന്നാണ് കഴിഞ്ഞദിവസം വീണ്ടും മരങ്ങള്‍ മുറിച്ചു മാറ്റിയത്.
വിവാദഭൂമിയുടെ അതിരില്‍ നിന്ന രണ്ട് വലിയ ആഞ്ഞിലി മരങ്ങളാണ് സ്വകാര്യവ്യക്തി മുറിച്ചെടുത്തത്. നാല് മണിക്കൂര്‍ കൊണ്ട് മരം മുറിച്ച് മാറ്റിയ ശേഷം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മരത്തിന്റെ ചെറിയ ചില്ലകള്‍ തുടങ്ങിയ അവശിഷ്ടങ്ങള്‍ കുഴിച്ചു മൂടുകയും ചെയ്തുവെന്ന് പരിസരവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."