മക്കളെ വിജയ തിലകമണിയിക്കാന്‍ ഉമ്മ പരിശീലകയായെത്തി
അമ്പലപ്പുഴ: അഭ്രപാളികളില്‍ സുന്ദര മുഖങ്ങള്‍ക്ക് ചായമിട്ട് ആസ്വാദ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടാന്‍ പര്യാപ്തമാം വിധം താരങ്ങളെ ഒരുക്കിയ പ്രശ്‌സ്ത മേക്ക് അപ്പ്മാന്‍ അമാന്റെ മകളാണ് ഹസീന.
അമ്പലപ്പുഴ കണ്ണന്റെ നാട്ടിലേക്കു മുന്‍ കലാതിലകം കൂടിയായ ഹസീന എത്തുമ്പോള്‍ മനസില്‍ തന്റെ ഗതകാല സ്മരണകള്‍ അയവിറക്കുന്നുണ്ടായിരുന്നു.
വേദിയില്‍ കയറി നടനവൈഭവങ്ങളുടെ ഉരുക്കഴിക്കാന്‍ മോഹമുണ്ടായിരുന്നെങ്കിലും ഉള്ളിലൊതുക്കി.
അധ്യാപിക, ജനപ്രതിനിധി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് പരിചയിച്ച ഹസീന കലോത്സവം കാണാനെത്തിയത് വെറും കാഴ്ചക്കാരിയായിട്ടല്ലായിരുന്നു. ഒപ്പം കൂട്ടിയത് തന്റെ സ്വന്തം മകളെയും സഹോദര പുത്രിയെയും. ഇക്കുറി പരിശീലക വേഷത്തിലായിരുന്നു ഈ പഴയകാല താരം. ഉറുദു കവയത്രി അപേഷ റാണിയുടെ നെഹോം ക്യോ...........ഹമേ ദില്‍സെ എന്ന ഉറദു പദ്യം ചെല്ലി ഹസീനയുടെ മകള്‍ അസ്മി വിജയതീരം അണയുമ്പോള്‍ ഈ ഉമ്മയ്ക്ക് ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങള്‍.
ആഹ്ലാദം അടങ്ങുന്നതിനു മുമ്പെ വീണ്ടും ഇരട്ടി മധുരമെന്നപോലെ സഹോദര പുത്രി സെല്‍ജ എച്ച്.എസ്.എസ് വിഭാഗത്തില്‍ ഉറുദു പദ്യപാരായണത്തില്‍ ജേതാവായി. ദില്‍ ഹിനോഹെ........... ന സങ്ക് കോ ഹഷ്ത്ത്...................... എന്ന ഉണ്ടപ്ര ഉണ്ണി മുഹമ്മദിന്റെ ഗാനം ആലപിച്ചാണ് സെല്‍ജ വിജയതീരം അണഞ്ഞത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഹസീനയുടെ മക്കള്‍ കലോത്സവ വേദികളില്‍ സജീവമാണ്. അലപ്പുഴ സെന്റ ജോസഫ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അസ്മി. സല്‍ജ സിറാജ് ഇതേ സ്‌കൂളില്‍ പ്ലസ് ടുവിലും. കലോത്സവ വേദികളില്‍ മുന്‍വര്‍ഷങ്ങളിലും സഹോദരിമാര്‍ ഒരുമിച്ച് പങ്കെടുക്കാന്‍ എത്തിയിട്ടുണ്ടെങ്കിലും ഉറുദു പദ്യം ചൊല്ലലില്‍ ഒരുമിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത് ഇത് ആദ്യമാണ്.
ലളിതഗാനത്തിന് പുറമെ മാപ്പിള പാട്ടിലും ഈ കൊച്ചുമിടുക്കികള്‍ മല്‍സരിക്കുന്നുണ്ട്. സംസ്ഥാന കലോല്‍സവങ്ങളില്‍ തുടര്‍ച്ചയായി ഇരുവര്‍ക്കും എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ലോക്കോ പൈലറ്റായ ആലപ്പുഴ സിവില്‍ സ്‌റ്റേഷന്‍ വാര്‍ഡില്‍ മഹബ്ബത്തില്‍ അന്‍വര്‍ ഹുസൈനാണ് പിതാവ്. ഹസീനയുടെ സഹോദരന്‍ സിറാജ് മലയാള സിനിമയില്‍ മേക്ക് അപ്പ് ജോലിയില്‍ തുടരുകയാണ്.ഹസീനയ്ക്ക് ഇനി ഉറക്കമില്ലാത്ത നാളുകള്‍.
കണ്ണൂരില്‍ നടക്കാനിരിക്കുന്ന സംസ്ഥാന കലോല്‍സവത്തില്‍ കുട്ടികളെ പാകപ്പെടുത്തേണ്ടതുണ്ട്.
ഉമ്മയുടെ സ്വപ്നം പൂവണിയിച്ച മക്കളുടെ കലാരംഗത്തെ ഭാവിയാണ് ഹസീനയ്ക്ക് ഏറെ പ്രാധാന്യവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."