സി.പി.എം കേന്ദ്രനേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സി.പി.എം കേന്ദ്ര നേതൃയോഗങ്ങള്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ഇന്ന് എ.കെ.ജി സെന്ററില്‍ പൊളിറ്റ് ബ്യൂറോ യോഗവും, തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളില്‍ സ്വകാര്യഹോട്ടലില്‍ കേന്ദ്രകമ്മിറ്റിയോഗവുമാണ് നടക്കുക.
കേന്ദ്ര സര്‍ക്കാരിനെതിരായ തുടര്‍പ്രക്ഷോഭവും യു.പി. ഉള്‍പ്പെടെ അഞ്ചുസംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള ഒരുക്കവും ചര്‍ച്ച ചെയ്യുന്നതിനൊപ്പം കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടലും യോഗത്തിന്റെ പ്രധാന അജന്‍ഡയാണ്. വി.എസ്. അച്യുതാനന്ദനും സി.പി.എം സംസ്ഥാനനേതൃത്വവും പരസ്പരം ഉന്നയിച്ച ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച പി.ബി കമ്മിഷന്‍ റിപ്പോര്‍ട്ടാണ് ഇതില്‍ പ്രധാനം. ഒപ്പം ഇ.പി.ജയരാജനും പി.കെ.ശ്രീമതിക്കുമെതിരായ പരാതികളും യോഗത്തില്‍ ഉയര്‍ന്നുവരും. വി.എസ് കുറ്റക്കാരനാണെന്ന് പി.ബി കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിനെതിരേ കടുത്ത നടപടികള്‍ ഉണ്ടായേക്കില്ലെന്നാണ് സൂചനകള്‍.
കേരളത്തിലെ വിഭാഗീയത പരിഹരിക്കാനെന്നോണമാണ് നേരത്തേ മരവിപ്പിച്ചിരുന്ന പി.ബി. കമ്മിഷന്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചക്കെടുക്കുന്നത്. വിഭാഗീയത അവസാനിക്കണമെങ്കില്‍ വി.എസിനെതിരേ നടപടി എടുക്കണമെന്നാണ് പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ളവരുടെ നിലപാട്. അതേസമയം, റിപ്പോര്‍ട്ട് പരിഗണിക്കുമ്പോള്‍ വി.എസ് നല്‍കിയിട്ടുള്ള പരാതികളും പരിഗണിക്കേണ്ടി വരുമെന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പി.ബി. അംഗം ബൃന്ദാ കാരാട്ട് എന്നിവരുടെ നിലപാട്.
കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ അജണ്ട ഇന്ന് ചേരുന്ന പി.ബി യോഗത്തിലാവും തീരുമാനിക്കുക. സംസ്ഥാന സെക്രട്ടേറിയറ്റ് നടക്കുന്ന ഹാളിലാണ് 16 അംഗ പി.ബി യോഗം ചേരുക. എന്നാല്‍, സ്ഥിരംക്ഷണിതാക്കളും പ്രത്യേക ക്ഷണിതാക്കളും പി.ബി അംഗങ്ങളും ഉള്‍പ്പെടെ 101 പേരുള്ള കേന്ദ്ര കമ്മിറ്റി ഹോട്ടല്‍ ഹൈസിന്തിലാണ് നടക്കുക. ശനിയാഴ്ച പുത്തരിക്കണ്ടം മൈതാനിയില്‍ പൊതുയോഗവും നടത്തും.
തിരുവനന്തപുരത്ത് ആദ്യമായാണ് സി.പി.എം കേന്ദ്രനേതൃ യോഗം ചേരുന്നത്. കൊച്ചിയിലും അതിനുമുമ്പ് കോഴിക്കോട്ടും കേന്ദ്ര കമ്മിറ്റിയോഗം ചേര്‍ന്നിട്ടുണ്ട്. പ്രത്യേക സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും നടന്നതിന്റെ ഭാഗമായി മാത്രമേ തലസ്ഥാനത്ത് കേന്ദ്ര കമ്മിറ്റി ചേര്‍ന്നിട്ടുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."