ഇസ്‌ലാമിക സഖ്യസേനാ മേധാവി ഉപദേഷ്ടാവായി മുന്‍ പാക് സൈനിക മേധാവിയെ നിയമിച്ചേക്കും
റിയാദ്: ഇസ്‌ലാമിക സഖ്യസേനാ മേധാവി ഉപദേഷ്ടാവായി മുന്‍ പാക് സൈനിക മേധാവിയെ നിയമിച്ചേക്കും. ഭീകര വിരുദ്ധ പോരാട്ടത്തിന് സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക സൈനിക സഖ്യത്തില്‍ പ്രതിരോധ കാര്യങ്ങള്‍ക്കുള്ള ഉപദേഷ്ടാവായി മുന്‍ പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫിനെ നിയമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നവംബറിലാണ് അദ്ദേഹം പാകിസ്താന്‍ സൈനിക മേധാവി സ്ഥാനത്തു നിന്നും വിരമിച്ചത്. ഇപ്പോള്‍ സഊദിയില്‍ സന്ദര്‍ശനം നടത്തിവരുന്നതിനിടെ പാകിസ്താന്‍ മാധ്യമങ്ങളാണ് പുതിയ നിയമനത്തെ കുറിച്ച് വാര്‍ത്തകള്‍ പുറത്തു വിട്ടത്.
ജനറല്‍ റഹീല്‍ ഷെരീഫിനെ ഇസ്‌ലാമിക സൈനിക സഖ്യം കമാണ്ടറായോ ഉപദേഷ്ടാവായോ നിയമിച്ചേക്കുമെന്നു നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് വരെ ഔദ്യോഗിക നിയമന റിപ്പോര്‍ട്ടുകളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍, ദിവസങ്ങള്‍ക്കു മുന്‍പ് റഹീല്‍ ശരീഫ് സഊദിയില്‍ എത്തിയപ്പോഴാണ് വീണ്ടും വാര്‍ത്തകള്‍ പുറത്തു വന്നത്. പ്രത്യക വിമാനത്തില്‍ സഊദി തലസ്ഥാനമായ റിയാദിലെത്തിയ റഹീല്‍ ശരീഫിന് വലിയ സ്വീകരണമാണ് ലഭിച്ചത്. റിയാദില്‍ നിന്നും ചര്‍ച്ചകള്‍ക്ക് ശേഷം അദ്ദേഹം മക്കയിലേക്കും മദീനയിലേക്കും തിരിച്ചു.
ഇസ്‌ലാമിക സൈനിക സഖ്യത്തിലെ രാജ്യങ്ങളുടെ സൈനിക മേധാവികളുടെ യോഗത്തിലാണ് സഖ്യത്തിന്റെ ഉപദേഷ്ടാവിനെയും കമാണ്ടറെയും നിയമിക്കുക. യോഗത്തിന്റെ തിയ്യതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 2015 ഡിസംബറിലാണ് ഭീകരക്കെതിരെ സഊദിയുടെ നേതൃത്വത്തില്‍ സഊദി ഉപ കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ഇബ്‌നു സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജകുമാരന്‍ സഖ്യ സേന രുപീകരണം പ്രഖ്യാപിച്ചത്. തുടക്കത്തില്‍ 34 രാജ്യങ്ങളാണ് ഉണ്ടായിരുന്നതെങ്കിലും പിന്നീട് ഏഴു രാജ്യങ്ങള്‍ കൂടി സഖ്യത്തിന്റെ ഭാഗമായിരുന്നു. ജി സി സി രാജ്യമായ ഒമാനാണ് ഏറ്റവും ഒടുവിലായി കഴിഞ്ഞയാഴ്ച്ച സഖ്യത്തില്‍ ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."