സര്‍ക്കാര്‍ ഡോക്ടര്‍മാര്‍മാരുടെ നിസഹകരണ സമരം തുടരുന്നു; ഇനി മുതല്‍ പേ വാര്‍ഡില്‍ പോയി ചികിത്സ നടത്തില്ല
കൊച്ചി : സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവരുന്ന നിശബ്ദ സമരം തുടരുന്നു. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞ എട്ടിനാണ് സമരം പ്രഖ്യാപിച്ചത്. ശമ്പള കമ്മീഷന്‍ പരിഷ്‌ക്കരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് നേരത്തെ ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങള്‍ വെട്ടികുറച്ചതാണ് സമരത്തിന് കാരണമായത്.
സര്‍ക്കാരും അസോസിയേഷനും തമ്മില്‍ കഴിഞ്ഞമാസം നടത്തിയ ചര്‍ച്ചയില്‍ ഏകദേശ ധാരണ ഉണ്ടാക്കിയെങ്കിലും ധനകാര്യവകുപ്പ് നിലപാട് കടുപ്പിച്ചതാണ് സമരത്തിന് കാരണമായത്. 27 ദിനങ്ങള്‍ പിന്നിടുന്ന സമരം നീളുമ്പോള്‍ ദുരിതത്തിലായത് സംസ്ഥാനത്തെ ലക്ഷകണക്കിന് മാറാരോഗികളാണ്. ശബരിമലയില്‍ സേവനത്തിനു മാത്രമെ ഡോക്ടര്‍മാര്‍ പുറത്തേക്ക് പോകുകയുളളവെന്ന് കെ ജി എം ഒ എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. റഊഫ് വ്യക്തമാക്കി.
സമരത്തിന്റെ ഭാഗമായി അത്യാസന്ന രോഗികള്‍ക്കുമാത്രം ശുശ്രൂഷ നല്‍കിയാല്‍ മതിയെന്നാണ് ഡോക്ടര്‍മാര്‍ തീരുമാനിച്ചിട്ടുളളത്. കൂടാതെ ആശുപത്രിക്കുളളില്‍ മാത്രം ജോലി ചെയ്യുക, ആരോഗ്യവകുപ്പ് നടത്തുന്ന പരിപാടികള്‍ ബഹിഷ്‌ക്കരിക്കുക, മെഡിക്കല്‍ ക്യാംപുകളില്‍ സേവനം ചെയ്യാതിരിക്കുക, വി ഐ പി കള്‍ക്ക് സേവനം നല്‍കാതിരിക്കുക, പേ വാര്‍ഡുകളില്‍ രോഗികളെ സന്ദര്‍ശിക്കാതിരിക്കുക എന്നീ തീരുമാനങ്ങളാണ് എടുത്തിട്ടുളളത്.
പരമാവധി ആശുപത്രി കെട്ടിടത്തിനുളളില്‍ തന്നെ സേവനം അവസാനിപ്പിക്കുകയെന്ന തീരുമാനമാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമെന്നോണം ആശുപത്രി കെട്ടിടത്തിന് അന്‍പത് മീറ്റര്‍ അകലെയുളള പേ വാര്‍ഡുകളില്‍ പോയി ചികില്‍സ നടത്തേണ്ടതില്ലെന്നാണ് ഡോക്ടര്‍മാര്‍ തീരുമാനിച്ചിട്ടുളളത്. നിലപാട് കടുപ്പിച്ചതോടെ ആശുപത്രി സൂപ്രണ്ടുമാര്‍ രോഗികള്‍ക്ക് പേ വാര്‍ഡുകള്‍ അനുവദിക്കാതായി. രോഗികളുടെ ക്രമാതീധമായ തളളികയറ്റം മൂലം നില്‍ക്കാനും ഇരിക്കാനും ഇടമില്ലാത്ത ആശുപത്രികളില്‍ ഏക ആശ്രയമായിരുന്നത് പേ വാര്‍ഡുകളായിരുന്നു.
സംസ്ഥാനത്തെ പന്ത്രണ്ട് മെഡിക്കല്‍ കോളജുകളിലും പതിനാല് ജില്ലാ ആശുപത്രികളിലും 825 ഹെല്‍ത്ത് സെന്ററുകളിലും കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്റ് വെല്‍ഫയര്‍ സൊസൈറ്റിയുടെ കീഴില്‍ പേ വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമരം പ്രഖ്യാപിച്ചതോടെ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിലച്ചു. ആശുപത്രികളില്‍ പേ വാര്‍ഡുകളെ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് ഓപറേഷന്‍ സംബന്ധമായി എത്തുന്ന രോഗികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."