വരുന്നു.. ആയുഷ് ഹോളിസ്റ്റിക് സെന്റര്‍ ആയുര്‍വേദ, ഹോമിയോ, യൂനാനി ചികിത്സകള്‍ ലഭ്യമാവും ജൂണ്‍ പത്തിനകം സ്ഥലം കണ്ടെത്തും
മലപ്പുറം: ആയുഷ് ഡിപ്പാര്‍ട്ട്‌മെന്റിനു കീഴില്‍ ജില്ലയില്‍ ആയുഷ് ഹോളിസ്റ്റിക് സെന്റര്‍ വരുന്നു. ആയുര്‍വേദ, ഹോമിയോ, യൂനാനി ചികിത്സകള്‍ ലഭ്യമാകുന്ന ഹോളിസ്റ്റിക് സെന്ററാണു ജില്ലയില്‍ സ്ഥാപിതമാകുന്നത്. സെന്ററിലേക്കുള്ള മെഡിക്കല്‍ ഓഫിസര്‍മാരേയും അവര്‍ക്കുള്ള വേതനവും കേരള സര്‍ക്കാര്‍ വഹിക്കുമെങ്കിലും സെന്റര്‍ സ്ഥാപിക്കാനാവശ്യമായ കെട്ടിടവും ഫാര്‍മസി ജീവനക്കാരുടെ വേതനവും അതതു തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തണം. ഫാര്‍മസിയിലേക്ക് ആവശ്യമുള്ള മരുന്നുകള്‍ ജില്ലാ പഞ്ചായത്തു നല്‍കുമെന്നും പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ജില്ലാ പഞ്ചായത്തു ഭരണസമിതി യോഗത്തില്‍ അറിയിച്ചു.
വര്‍ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ കൊല്ലം, എറണാകുളം,തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് ആയുഷ് ഹോളിസ്റ്റിക് സെന്ററുകള്‍ ആരംഭിക്കുന്നത്. ജില്ലയില്‍ സെന്റര്‍ സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥല, കെട്ടിട സൗകര്യമുള്ള സ്ഥലത്ത് സെന്റര്‍ സ്ഥാപിക്കാനാണു ജില്ലാ പഞ്ചായത്ത് ആലോചിക്കുന്നത്. ജൂണ്‍ പത്തിനകം അനുയോജ്യമായ സ്ഥലം നിര്‍ദേശിക്കാന്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അംഗങ്ങള്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് ഏറ്റവും അനുയോജ്യമായ സ്ഥലത്തു സെന്റര്‍ ആരംഭിക്കും.
യോഗത്തില്‍ പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്മാന്‍മാരായ ഉമ്മര്‍ അറക്കല്‍, വി. സുധാകരന്‍, കെ.പി. ഹാജറുമ്മ ടീച്ചര്‍, അനിതാ കിഷോര്‍, സെക്രട്ടറി എം. അബ്ദുല്‍ ലത്തീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."