ആവേശത്താളത്തില്‍ കപ്പിലേക്ക് ഇഞ്ചോടിഞ്ച് പോരാട്ടം; രണ്ടാം ദിനത്തില്‍ കല്ലുകടികളും
പറവൂര്‍: എറണാകുളം റവന്യൂ ജില്ലാ സ്‌കൂള്‍ യുവജനോത്സവം രണ്ടാം ദിനം പൂര്‍ത്തിയാതോടെ മത്സരം കനത്തുതുടങ്ങി. കപ്പില്‍ മുത്തമിടാന്‍ അരയും തലയും മുറുക്കി പോരാടുകയാണ് വിദ്യാഭ്യാസ ഉപജില്ലകള്‍. ഒന്നാം ദിനത്തില്‍ മേല്‍കൈ നേടിയിരുന്ന എറണാകുളം ഉപജില്ല പിന്നാക്കം പോകുന്നതിനാണ് രണ്ടാം ദിനം സാക്ഷ്യം വഹിച്ചത്.
പകരം നോര്‍ത്ത് പറവൂര്‍, ആലുവ ഉപ ജില്ലകള്‍ മുന്നോട്ടത്തെുകയും ചെയ്തു. രണ്ടാം ദിനത്തില്‍ നോര്‍ത്ത് പറവൂര്‍ 344 പോയിന്റുമായി മുന്നിട്ട് നില്‍ക്കുന്നു. 331 പോയിന്റുമായി ആലുവയാണ് രണ്ടാം സ്ഥാനത്ത്. 320 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്താണ്.
പെരുമ്പാവൂര്‍, കോലഞ്ചേരി,കോതമംഗലം തുടങ്ങി എട്ടോളം ഉപജില്ലകള്‍ 200ലേറെ പോയിന്റ് നേടി പോരാട്ടം കാഴ്ചവെക്കുന്നുമുണ്ട്.
ഭരതനാട്യം, കുച്ചിപ്പുടി, നാടകം,സംഘനൃത്തം, ഓട്ടന്തുള്ളല്‍, കഥകളി തുടങ്ങിയ നൃത്തയിനങ്ങള്‍കൊണ്ട് രണ്ടാംദിനം വേദികള്‍ സജീവായിരുന്നു. തബല, മൃദംഗം തുടങ്ങിയ മേളവാദ്യങ്ങളും മല്‍സരത്തിന് മിഴിവേകി.
അതേസമയം, രണ്ടാം ദിനത്തിലേക്ക് കടന്നതോടെ കല്ലുകടികളും പ്രത്യക്ഷപ്പെട്ട് തുടങ്ങി. പല മല്‍സരങ്ങളും സമയത്ത് തുടങ്ങാന്‍ കഴിയുന്നില്ല എന്നതാണ് പ്രധാന പോരായ്മ. പലവട്ടം അനൗണ്‍സ് ചെയ്താലാണ് മത്സരാര്‍ഥികള്‍ സ്റ്റേജില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മത്സരങ്ങളുടെ താളം തെറ്റുന്നത് വിദ്യാര്‍ഥികളെയും വലക്കുന്നുണ്ട്. ഒന്നിലേറെ നൃത്തയിനങ്ങളില്‍ മല്‍സരിക്കാനത്തെിയവര്‍ക്ക് ചമയമിടാന്‍ സമയം ലഭിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. ഇതത്തേുടര്‍ന്ന് രസകരമായ ചില രംഗങ്ങള്‍ക്കും മത്സരവേദി സാക്ഷ്യംവഹിച്ചു. കുച്ചിപ്പുടി വേഷമിട്ട് കഥകളി നടത്തിയതായിരുന്നു അതിലൊന്ന്. ഹയര്‍ സെക്കന്‍ഡറി വിഭാഗം കഥകളി മത്സരത്തിലാണ് വിദ്യാര്‍ഥികള്‍ കുച്ചിപ്പുടി ഉള്‍പ്പെടെയുള്ള വേഷമണിഞ്ഞ് മത്സരിക്കാനത്തെിയത്. ഗ്രൂപ്പ് ഇനമായിരുന്നതിനാല്‍ ഒരേ ഗ്രൂപ്പില്‍പ്പെട്ട പല കുട്ടികളും പല വേഷത്തിലായിരുന്നു.
ചില മത്സരങ്ങള്‍ക്കാകട്ടെ രജിസ്റ്റര്‍ ചെയ്തതിന്റെ പകുതിയോളം മത്സരാര്‍ഥികള്‍ വേദിയിലത്തെിയുമില്ല. ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടക മത്സരത്തിന് 11 സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും ഏഴ് ടീം മാത്രമാണ്എത്തിയത്. ഇതോടെ, പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെ മത്സരം അവസാനിക്കുകയു ചെയ്തു.
ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ ഒരുക്കിയ കെണിയില്‍ വിധികര്‍ത്താവ് വീണതാണ് രണ്ടാം ദിനത്തിലെ മറ്റൊരു പ്രധാന സംഭവം. വിധി നിര്‍ണയത്തിന് പണത്തിന്റെ സ്വാധീനമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് രക്ഷാകര്‍ത്താവ് എന്ന വ്യാജേനെ ഫോണ്‍ ചെയ്ത ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് വിധികര്‍ത്താവ് പണത്തിനായി പേശുകയായിരുന്നു. ഇതത്തേുടര്‍ന്ന് ഇയാളെ വിധികര്‍ത്താവ് സ്ഥാനത്തുനിന്ന് പുറത്താക്കുകയും ചെയ്തു.
കന്നിമത്സരത്തില്‍ വിജയിച്ച് മുഖ്താര്‍
പറവൂര്‍: കലോത്സവ വേദിയിലെ കന്നിമത്സരത്തില്‍ മുഹമ്മദ് മുഖ്താറിന് ഒന്നാം സ്ഥാനം. എച്ച്.എസ് വിഭാഗം ഖുറാന്‍ പാരായണത്തിലാണ് പിഴക്കാപ്പിള്ളി ജി.എസ്.എസ്.എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് മുഖ്താര്‍ വിജയിയായത്. അധ്യാപകന്‍ ഷംസുദ്ദീന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മുഹമ്മദ് മുഖ്താര്‍ വേദിയിലെത്തിയത്. ഉപജില്ലയിലും ജില്ലയിലും മിന്നുന്ന പ്രകടനത്തോടെ വിജയവും നേടി. സംസ്ഥാന തലത്തിലും മികച്ച വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് മുഹമ്മദ് മുഖ്താര്‍. സബീനയാണ് ഉമ്മ. രണ്ടു സഹോദരിമാരുണ്ട്.
തനിയാവര്‍ത്തനത്തിന്റെ പരമ്പരയായി മിമിക്രി വേദി
പറവൂര്‍: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രി അവതരിപ്പിച്ചവര്‍ തനിയാവര്‍ത്തനം നടത്തിയത് ശ്രോതാക്കളില്‍ വിരസതയുളവാക്കി. രാവിലെ മുന്‍സിപ്പല്‍ മിനിപാര്‍ക്കില്‍ അരങ്ങേറിയ മിമിക്രിയില്‍ യു.പി വിഭാഗത്തില്‍ പന്ത്രണ്ട് ആണ്‍കുട്ടികളും എട്ട് പെണ്‍കുട്ടികളുമാണ് മത്സരിച്ചത്. വി.എസ്, ഉമ്മന്‍ചാണ്ടി, വെള്ളാപ്പള്ളി നടേശന്‍ എന്നിവരുടേയും എതാനും ചില പഴയതും പുതിയതുമായ സിനിമാ നടന്മാരുടെയും അനുകരണങ്ങളും ഉല്‍സവപറമ്പിലെ വെടിക്കെട്ടുകളുടെ ശബ്ദാനുകരണങ്ങളുമായാണ് വേദിയില്‍ നിറഞ്ഞ് നിന്നത്.
ഹൈസ്‌ക്കുള്‍ വിഭാഗത്തില്‍ കോതമംഗലം കോട്ടപ്പടി മാര്‍ ഏലിയാസ് ഹൈസ്‌ക്കൂളിലെ അതുല്‍ രവി ഒന്നാം സ്ഥാനം നേടി. നിര്‍മ്മാണത്തൊഴിലാളിയായ രവിയുടെയും അമ്പിളിയുടേയും മകനാണ് അതുല്‍.ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മത്സരത്തില്‍ ദേവിക ദേവന്‍ ഒന്നാം സ്ഥാനത്തെത്തി. പുത്തന്‍കുരിശ് എം.ജി.എം ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞ തവണ ജില്ലയില്‍ രണ്ടാം സ്ഥാനക്കാരിയായിരുന്നു ഈ മിടുക്കി.
മരപണിക്കാരനായ ജയരാജനാണ് ദേവികക്ക് പരിശീലനം കൊടുക്കുന്നത്.ദേവികയുടെ സഹോദരന്‍ നന്ദുവും മോണോ ആക്റ്റ് അവതരിപ്പിക്കാന്‍ കലോത്സവത്തിലുണ്ട്. ഹയര്‍ സെക്കന്‍ഡറി വിഭാഗം മിമിക്രിയില്‍ പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കുളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മാളവിക എം. നായരാണ് ഒന്നാം സ്ഥാനം നേടിയത്.നാലു വര്‍ഷം തുടര്‍ച്ചയായി മിമിക്രി വേദിയില്‍ എത്തുന്ന മാളവിക കഴിഞ്ഞ തവണ സംസ്ഥാനത്ത് എ ഗ്രേഡ് നേടിയിരുന്നു.
നാടകത്തില്‍ മേല്‍കോയ്മ വിടാതെ മൂത്തകുന്നം എസ്.എന്‍.എം
പറവൂര്‍: വര്‍ഷങ്ങളായി സ്വന്തമായ നാടക കിരീടം കൈവിടാതെ കാത്തുസൂക്ഷിക്കുന്നതില്‍ മൂത്തകുന്നം എസ്.എന്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇത്തവണയും വിജയിച്ചു.
കുത്തകകളുടെ കടന്നുകയറ്റം ഒരു സാധാരണക്കാരന്റെ ജീവിതം എങ്ങനെയാണ് തകര്‍ക്കുന്നത് എന്ന് വരച്ചുകാട്ടിയായിരുന്നു അവര്‍ നാടക കിരീടം നിലനിര്‍ത്തിയത്. മുഹമ്മദ് ഖാദര്‍ ബാബുവിന്റെ 'ബോബെ ടെയ്‌ലേഴ്‌സ് ' എന്ന നാടകത്തിന്റെ സ്വതന്ത്രാവിഷ്‌ക്കാരമായിരുന്നു ഇത്തവണ അവര്‍ അവതരപ്പിച്ചത്. കുത്തകകളുടെ കടന്നുകയറ്റം പീരുഭായി എന്ന തുന്നല്‍ക്കാരന്റെ ജീവിതം വഴിമുട്ടിക്കുന്നതായിരുന്നു നാടകത്തിന്റെ ഇതിവൃത്തം. ഈ നാടകത്തില്‍ അഞ്ചുകഥാപാത്രങ്ങള്‍ അവതരിപ്പിച്ച അരുണ്‍ജിത്തിനെ മികച്ച നടനായി തെരഞ്ഞെടുത്തു.
അതേസമയം, മത്സരത്തിനത്തെുന്ന നാടകങ്ങളുടെ നിലവാരം ഉയര്‍ത്തേണ്ടകാര്യം വിധികര്‍ത്താക്കള്‍ എടുത്തുപറയുകയും ചെയ്തു.
പലര്‍ക്കും രംഗവേദി ഉപയോഗപ്പെടഡുത്താന്‍ കഴിയുന്നില്ല. പുതുതലമുറക്ക് യഥാര്‍ത്ഥ നാടകം എന്താണെന്ന് പറഞ്ഞുകൊടുക്കാന്‍ നാടക കലാകാരന്മാര്‍ രംഗത്തുവരേണ്ട ആവശ്യകതയും അവര്‍ ഊന്നിപ്പറഞ്ഞു.
തബലയില്‍ താരമായി അഭിനന്ദന
പറവൂര്‍: കന്നിമത്സരത്തില്‍ തന്നെ തബലയില്‍ താരമായി അഭിനന്ദന. എച്ച്.എസ് വിഭാഗം തബല മത്സരത്തില്‍ ഏഴ് ആണ്‍കുട്ടികളോട് മത്സരിച്ചാണ് അഭിനന്ദന എ ഗ്രേഡോടെ ഒന്നാമെതെത്തിയത്.
ഫോര്‍ട്ടുകൊച്ചി സെന്റ് മേരീസ് ആഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. തോപ്പുംപടി അമൃതകലാശ്രീയില്‍ പൊന്നപ്പന്റെ കീഴിലാണ് തബല അഭ്യസിക്കുന്നത്. തോപ്പുംപടി തുരുത്തില്‍ മനോജ് കുമാറിന്റെയും ജ്യോതിയുടെയും മകളാണ്. സഹോദരി അഭിരാമി 2014ല്‍ സംസ്ഥാനതലത്തില്‍ തബലയില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.
അറബനമുട്ടില്‍ അഞ്ചാംതവണയും ബാപ്റ്റിസ്റ്റ് സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍
പറവൂര്‍: ഹെസ്‌കൂള്‍ വിഭാഗം അറബനമുട്ടില്‍ ആലുവ ബാപ്റ്റിസ്റ്റ് സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷം തുടര്‍ച്ചയായി അറബനമുട്ടില്‍ ബാപ്റ്റിസ്റ്റ് സ്‌കൂള്‍ ജേതാക്കളാണ്. സംസ്ഥാനതലത്തില്‍ എ ഗ്രേഡോടെ രണ്ടുതവണ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്.
എട്ട് ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ എറണാകും മഹാരാജാസ് കോളജ് എം.എ വിദ്യാര്‍ഥികൂടിയായ ഹാഷിം കടുപ്പാടത്തിന്റെ ശിഷ്യരാണ് വിജയികളായത്.
ഹാഷിം കടൂപ്പാടം ചിട്ടപ്പെടുത്തിയെടുത്ത ബൈത്തുകളും അറബനമുട്ടിന് ഇമ്പമേകി. വെള്ള കുപ്പായവും തലേക്കെട്ടുമൊക്കെയായി എത്തിയ മത്സരാര്‍ഥികള്‍ വിഷവിധാനത്തിലും പുതുമ നിലനിര്‍ത്തി.
അഭിരാമിക്ക് ഇരട്ടിമധുരം
പറവൂര്‍: പെരുമ്പാവൂര്‍ ഗവ.എച്ച്.എസിലെ അഭിരാമി സുനിലിന് ഇരട്ടിമധുരം. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എണ്ണഛായത്തിലും ജലഛായത്തിലും ഒന്നാംസ്ഥാനം നേടിക്കൊണ്ടാണ് അഭിരാമി മേളയിലെ താരമായത്.
പ്ലസ് ടു വിദ്യാര്‍ഥിനിയായ അഭിരാമി കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ മൂന്നിനങ്ങളില്‍ മികവ് നേടിയിരുന്നു. പാഠക മത്സരത്തില്‍ രണ്ടാംസ്ഥാനവും എണ്ണഛായത്തിലും ജലഛായത്തിലും മൂന്നാംസ്ഥാനവുമാണ് അന്ന് പത്താംക്ലാസ് വിദ്യാര്‍ഥിനിയായ അഭിരാമി നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."