പട്ടയം തേടി ദുരിതയാത്ര; തീരുമാനമാകാതെ 15 ലക്ഷം അപേക്ഷകള്‍
കണ്ണൂര്‍: വര്‍ഷങ്ങളായി കൈവശം വയ്ക്കുകയും താമസിച്ചു വരുന്നതുമായ ഭൂമിക്കു പട്ടയം ലഭിക്കാനായി ജില്ലയില്‍ അലയുന്നത് ലക്ഷക്കണക്കിനു കുടുംബങ്ങള്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കു താമസിക്കുന്നതിനായി സര്‍ക്കാര്‍ വിഭാവനം ചെയ്ത ലക്ഷം വീട് കോളനികളിലെ താമസക്കാര്‍ ഇപ്പോഴും പട്ടയത്തിനായി വട്ടംചുറ്റുകയാണ്. ജില്ലയിലെ ചെറുതും വലുതുമായ 3000ത്തോളം ലക്ഷംവീട് കോളനികളിലെ താമസക്കാര്‍ പട്ടയത്തിനായി ഇപ്പോഴും ഓഫിസുകള്‍ കയറിയിറങ്ങുന്നു. ആറളം, ഇരിട്ടി മേഖലകളിലും പന്ന്യന്നൂര്‍ കോളനി, പാനൂര്‍ കൊട്ടാരത്തില്‍ തുടങ്ങിയ ലക്ഷംവീട് കോളനികളിലെ താമസക്കാരുടെ അവസ്ഥ ദയനീയമാണ്. ഭൂമിക്ക് പട്ടയം ലഭിക്കാത്തതിനാല്‍ മറ്റു സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാന്‍ കഴിയാത്തതും കോളനികളിലെ ജീവിതം ദുരിതമാക്കുന്നു. പട്ടയം ലഭിച്ചില്ലെങ്കിലും ഭാഗാധാരപ്രകാരം ഭൂമി ലഭിച്ചവര്‍ പട്ടയത്തിനായി അപേക്ഷിച്ചു തുടങ്ങിയതോടെ ലാന്റ് ട്രൈബ്യൂണല്‍ ഓഫിസുകളില്‍ അപേക്ഷകള്‍ കുന്നുകൂടുകയാണ്. എന്നിട്ടും ഉദ്യോഗസ്ഥ പുനര്‍വിന്യാസമോ ഓഫിസ് വിഭജനമോ നടത്താതെ ദുരിതക്കാര്‍ക്ക് സര്‍ക്കാര്‍ ഇരുട്ടടി നല്‍കുകയാണ്.
ലക്ഷം വീട് കോളനികളിലും പൊതുവിഭാഗത്തിലുമായി പട്ടയം ലഭിക്കുന്നതിനായി 15 ലക്ഷത്തോളം അപേക്ഷകളാണ് വിവിധ ലാന്റ് ട്രൈ ബ്യൂണല്‍ ഓഫിസുകളില്‍ കെട്ടിക്കിടക്കുന്നതെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാല്‍ 2008ന് ശേഷം ഇത്തരക്കാര്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ലക്ഷം വീട് കോളനികളില്‍ സര്‍ക്കാര്‍ പദ്ധതി പ്രകാരം ലഭിച്ച നാലു സെന്റ് ഭൂമിക്കു പോലും പട്ടയം നല്‍കാതെ നിര്‍ധനരായ ദലിത് കുടുംബങ്ങളോട് സര്‍ക്കാര്‍ കടുത്ത വഞ്ചനയാണ് കാണിക്കുന്നത്. കൈവശമുള്ള ഭൂമിക്കു പട്ടയം ഇല്ലാത്തതിനാല്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു വായ്പയെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് നിലവില്‍. ഇപ്പോള്‍ താമസിക്കുന്ന വീടുകള്‍ നവീകരിക്കാനോ വിവാഹമടക്കമുള്ള ആവശ്യങ്ങള്‍ നിര്‍വഹിക്കാ നോ കഴിയാത്ത അവസ്ഥയാണ്.
ലക്ഷംവീട് കോളനികളിലെ താമസക്കാര്‍ക്കായി അനുവദിച്ച നാലു സെന്റ് ഭൂമിയില്‍ ദുരിത ജീവിതം നയിക്കുകയാണ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍. ലാന്റ് റവന്യൂ ഓഫിസുകളില്‍ പട്ടയത്തിനായി അപേക്ഷകള്‍ കുന്നുകൂടുമ്പോഴും ഓഫിസുകളില്‍ കനത്ത അനാസ്ഥയാണ് പട്ടയത്തിനായി അപേക്ഷിക്കുന്നവരോട് കാണിക്കുന്നതെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
ജില്ലയിലെ ചില ലാന്റ് ട്രൈബ്യൂണല്‍ ഓഫിസുകള്‍ വിഭജിക്കണമെന്നും ചിലയിടങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നുമുള്ള ആവശ്യം നടപ്പാവാതെ പട്ടയം നല്‍കുന്ന നടപടി സ്തംഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."