എം.എന്‍ രാവുണ്ണി ജയില്‍മോചിതനായി
കണ്ണൂര്‍: തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് പോസ്റ്റര്‍ പതിച്ച കേസില്‍ അറസ്റ്റിലായ പോരാട്ടം സംഘടനാ നേതാവ് എം.എന്‍ രാവുണ്ണി ജയില്‍മോചിതനായി. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെ വൈകുന്നേരം 5.45ഓടെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രക്തഹാരമണിയിച്ച് സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
2016 നവംബര്‍ 28നാണ് രാവുണ്ണിയെ കോഴിക്കോട്ടുനിന്ന് കസ്റ്റഡിയിലെടുത്തത്. നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവ് കുപ്പു ദേവരാജിന്റെയും അജിതയുടെയും കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ രാവുണ്ണി ഉള്‍പ്പെടെയുള്ളവരെ പൊലിസ് ബലംപ്രയോഗിച്ച് പിടികൂടുകയുണ്ടായി. രാവുണ്ണി ഒഴികെ മറ്റുള്ളവരെ സ്‌റ്റേഷനിലെത്തിച്ച് വിട്ടയച്ചപ്പോള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട കേസില്‍ രാവുണ്ണിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
തലപ്പുഴ, വെള്ളമുണ്ട പൊലിസ് സ്‌റ്റേഷനുകളില്‍ യു.എ. പി.എ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളിലായിരുന്നു നടപടി. കല്‍പറ്റ ജില്ലാ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."