കോട്ടപ്പുറത്തെ ജലവിമാന സര്‍വിസ് വെള്ളത്തിലായി
നീലേശ്വരം: വടക്കേമലബാറിലെ ടൂറിസം മേഖലക്ക് പുത്തനുണര്‍വ് പകരാനായി ആരംഭിക്കാനിരുന്ന ജലവിമാന സര്‍വിസ് ഇനിയും തുടങ്ങിയില്ല. കഴിഞ്ഞ ജൂണില്‍ കൊല്ലം-കോട്ടപ്പുറം സര്‍വിസ് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും ജലരേഖയായി.
മത്സ്യത്തൊഴിലാളികളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് സര്‍വിസ് ആരംഭിക്കാതിരുന്നത്. ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് തടസമാകുമെന്ന മത്സ്യത്തൊഴിലാളികളുടെ പരാതിയെത്തുടര്‍ന്നാണ് 2013 ജൂണില്‍ കൊല്ലത്ത് ഉദ്ഘാടനം കഴിഞ്ഞ ജലവിമാന സര്‍വിസ് ആരംഭിക്കാതിരുന്നത്. തുടര്‍ന്ന് ഇതിനെക്കുറിച്ച് പഠനം നടത്താനായി ടൂറിസം സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയേയും സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.
കമ്മിറ്റി മത്സ്യത്തൊഴിലാളി നേതാക്കളുമായി ചര്‍ച്ച നടത്തുകയും സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ജൂണില്‍ സര്‍വിസ് ആരംഭിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തുടര്‍നടപടികള്‍ ചുവപ്പുനാടയ്ക്കുള്ളില്‍ ഒതുങ്ങുകയായിരുന്നു. കോട്ടപ്പുറത്ത് ഇതിനാവശ്യമായ ഫ്‌ളോട്ടിങ് ജെട്ടി, റണ്‍വേ, യാത്രക്കാര്‍ക്കിറങ്ങാനാവശ്യമായ വാട്ടര്‍ ഡ്രോം എന്നിവയും എക്‌സ്‌റേ മെഷീന്‍, മെറ്റല്‍ ഡിറ്റക്ടര്‍, സ്‌ഫോടകവസ്തുക്കള്‍ തിരിച്ചറിയുന്നതിനുള്ള ഉപകരണങ്ങള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ ജലവിമാന സര്‍വിസ് ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
ഇത് സാധ്യമായാല്‍ ജില്ലയിലെ വിനോദസഞ്ചാര മേഖലയില്‍ വന്‍കുതിച്ചുചാട്ടമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."