സര്‍ക്കാര്‍ ഭൂമി സഭ കയ്യേറിയ പരാതിയില്‍ ഭൂമി ദാനം നല്കിയ എന്‍.എം മാത്യുവിന്റെ മൊഴിയില്‍ വൈരുദ്ധ്യം; തീരുമാനം കലക്ടര്‍ക്ക് വിട്ടു
ഇരിട്ടി:താലൂക്കോഫിസ് നിര്‍മിക്കുന്നതിനും മറ്റു പൊതു ആവശ്യത്തിനും വേണ്ടി സര്‍ക്കാരിന് ദാനം നല്കിയ ഭൂമി സഭാനേതൃത്വം കൈയേറിയെന്ന പരാതിയില്‍ ഭൂമി ദാനം നല്കിയ എന്‍.എം മാത്യുവിന്റെ മൊഴിയില്‍ വൈര്യുദ്ധം. തുടര്‍ന്ന് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കലക്ടറോട് ആവശ്യപ്പെട്ടതായി താലൂക്കധികൃതര്‍ അറിയിച്ചു. ഇതിന്
വേണ്ടി എന്‍.എം മാത്യു എഴുതി നല്കിയ മൊഴിയും മറ്റു രേഖകളും കലക്ടര്‍ക്ക് അയച്ചതായും അധികൃതര്‍ വ്യക്തമാക്കി. പായം പഞ്ചായത്ത് കോളിക്കടവ് സ്വദേശി കുറുമ്പാലി നാണുവാണ് പരാതിക്കാരന്. ഇതുപ്രകാരം താലൂക്ക് സര്‍വെയര്‍ സ്ഥലം അളക്കുകയും പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ 23ന് കോട്ടയം സ്വദേശിയായ എന്‍.എം മാത്യുവിനെ ഇരിട്ടി താലൂക്കോഫിസിലേക്ക് വിളിച്ചു വരുത്തുകയും മൊഴിയെടുക്കുകയും ചെയ്തു. മൊഴി പ്രകാരം താലൂക്കോഫിസിനു സ്ഥലം നല്‍കിയിരുന്നുവെങ്കിലും അത് അളന്നുതിരിച്ച് നല്‍കുകയോ താലൂക്കധികൃതര്‍ അതു കൈവശപ്പെടുത്തുകയോ ചെയ്തില്ലെന്ന് പറയുന്നു. പായം വില്ലേജില്‍ പെരുമ്പറമ്പ് ദേശത്ത് 36 ഏക്കര്‍ സ്ഥലം ഉണ്ടായിരുന്നുവെന്നും ഇതില്‍ നിന്നു മിഷനറി സിസ്റ്റേഴ്സ് ഓഫ് മേരി ഹെല്‍പ്പ് ഓഫ് ക്രിസ്ത്യന്‍ എന്ന സഭയ്ക്ക് മഠവും സ്കൂളും സ്ഥാപിക്കുന്നതിന് മൂന്ന് ഏക്കര്‍ 62 അര സെന്റ് സ്ഥലം നല്‍കിയതായും പറയുന്നു. എന്നാല്‍ 1987ലെ ഉളിയില്‍ സബ് രജിസ്ട്രാര്‍ ഓഫിസിലെ 2672 നമ്പര്‍ ദാനാധാന പ്രകാരം മൂന്ന് ഏക്കര്‍ 12അര സെന്റ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും ബാക്കി 50 സെന്റ് സ്ഥലം സ്കൂള്‍ ആവശ്യത്തിനു വഴിയായി ഉപയോഗിക്കുന്ന സ്ഥലമാണെന്നും എന്‍.എം മാത്യു പറയുന്നു. എന്നാല്‍ ഈ സ്ഥലത്തിന് ഇതുവരെ സര്‍ക്കാരിലേക്ക് നികുതി അടക്കുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല പ്രസ്തുത ദാനാധാരത്തില്‍ പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിലായി താലൂക്കോഫിസ് നിര്‍മിക്കുന്നതിനും മറ്റു പൊതു ആവശ്യങ്ങള്‍ക്കുമായി സ്ഥലം വിട്ടു കൊടുത്തതായും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എന്‍.എം മാത്യു തഹസില്‍ദാര്‍ മുമ്പാകെ കൊടുത്ത മൊഴി തീര്‍ത്തും തെറ്റാണെന്നും വര്‍ഷങ്ങളായി ഭൂ നികുതി അടക്കാതെ കൈവശം വെച്ചിരിക്കുന്ന 50 സെന്റ് ഭൂമി സര്‍ക്കാരിന് അവകാശപെട്ടതാണെന്നും ഈ ആഴ്ച ചേരുന്ന താലൂക്ക് സഭയില്‍ പ്രശ്നത്തിന് പരിഹാരമായില്ലെങ്കില്‍ താലൂക്കോഫിസിന് മുന്നില്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം നടത്തുമെന്നും പരാതിക്കാരനായ നാണു സുപ്രഭാത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."