കലുങ്ക് കുലുങ്ങിയാലും അധികൃതര്‍ കുലുങ്ങില്ല
ആലക്കോട്: പരപ്പ - കാര്‍ത്തികപുരം റോഡിലെ കലുങ്ക് പുനര്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തം. കാലപ്പഴക്കത്താല്‍ തകര്‍ന്ന കലുങ്കിന് കൈവരികള്‍ ഇല്ലാത്തതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. രയരോത്ത് നിന്നു പരപ്പ വഴി എളുപ്പത്തില്‍ ഉദയഗിരിയിലേക്ക് എത്താമെന്നതിനാല്‍ നിരവധി വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. കോടികള്‍ മുടക്കി റോഡ് പുനര്നിര്മിച്ചപ്പോഴും 40 വര്‍ഷം പഴക്കമുള്ള കലുങ്ക് അതേപടി നിലനിര്‍ത്തുകയായിരുന്നു. ടാറിങ്ങിനോട് ചേര്‍ന്ന് കൈവരികള്‍ ഇല്ലാത്തതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് ഡ്രൈവര്‍മാര്‍ ഇതുവഴി വാഹനം ഓടിക്കുന്നത്. ഭാരം കയറ്റിയ ലോറികളും കെ.എസ്.ആര്.ടി.സി ബസും കടന്നുപോകുമ്പോള്‍ കലുങ്ക് ഇളകുന്നതായി പ്രദേശവാസികള്‍ പറയുന്നു. സ്ലാബുകള്‍ താങ്ങിനിര്‍ത്തുന്ന തൂണുകളുടെ അടിവശം കാലപ്പഴക്കത്താല്‍ ദ്രവിച്ചതോടെ വലിയ ദുരന്തം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കലുങ്ക് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."