ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നിയമനമില്ല; റാങ്ക് ഹോള്‍ഡര്‍മാരുടെ അനിശ്ചിതകാല സമരം
ചെറുവത്തൂര്‍: ഒഴിവുകളുണ്ടായിട്ടും നിയമനം നടത്താത്തതില്‍ പ്രതിഷേധിച്ച് പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനു മുന്നില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. 150 ഏക്കറോളം വിസ്തൃതിയുള്ള തോട്ടത്തില്‍ 300 തൊഴിലാളികളെ ആവശ്യമുണ്ട്. നിലവില്‍ 100 തൊഴിലാളികളാണ് ഇവിടെയുള്ളത്. 120 പേരുടെ റാങ്ക് പട്ടിക ഇവിടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ നിന്നും 53 കാഷ്വല്‍ തൊഴിലാളികളെ മാത്രമാണ് നിയമിച്ചത്. നിലവില്‍ 47 ഒഴിവുകള്‍ ഇവിടെയുണ്ട്. ഉദ്യോഗാര്‍ഥികള്‍ നിയമനം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ട് മാസത്തിനുള്ളില്‍ നിയമനം പൂര്‍ത്തീകരിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ നവംബറിലായിരുന്നു ഉത്തരവ്. ഈ മാസം 15 നുള്ളില്‍ നിയമനം നടത്തണമെന്നാണ് കോടതി ഉത്തരവ്. എന്നാല്‍ കോടതി ഉത്തരവ് പ്രകാരം നിയമനത്തിന് ദിവസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ഒഴിവുകള്‍ ഇല്ലെന്നതാണ് ഗവേഷണ കേന്ദ്രം അധികൃതര്‍ പറയുന്നത്. ഉടന്‍ നിയമനം നടത്തിയില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം. സത്യാഗ്രഹ സമരം ഡി.വൈ .എഫ്. ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന് ഉദ്ഘാടനം ചെയ്തു. എം.വി ചന്ദ്രന് അധ്യക്ഷനായി. ടി.വി ഗോവിന്ദന്, ഇ. കുഞ്ഞിരാമന്, എ.വി കുഞ്ഞികൃഷ്ണന്, എന്‍.രവീന്ദ്രന്, സി.വി വിജയരാജ്, പാലായി ബാലകൃഷ്ണന്, വി. കൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."