തൃക്കരി പൂരം
അരങ്ങൊരുങ്ങി, ആളും ആരവവുമായി. കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തൃക്കരിപ്പൂര്‍ വി.പി.പി മുഹമ്മദ് കുഞ്ഞി പട്ടേലര്‍ സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൊടിയേറ്റം. തൃക്കരിപ്പൂരിന്റെ വാക്കിലും നോക്കിലുമെല്ലാം ഇനി കലമാത്രം. ആടിയും പാടിയും അഭിനയിച്ചുമെല്ലാം വിസ്മയങ്ങള്‍ തീര്‍ക്കാന്‍ വിവിധ ദേശങ്ങളില്‍ നിന്നുള്ള കലയിലെ കൗമാര പ്രമാണിമാര്‍ ഇന്ന് മുതല്‍ പൂരനഗരിയിലേക്കെത്തിത്തുടങ്ങും. വിജയത്തിന്റെ വര്‍ണ്ണക്കുടകള്‍ വാനിലേക്കുയര്‍ത്താന്‍ കൗമാര പ്രതിഭകള്‍ പരിശ്രമിക്കുമ്പോള്‍ കലക്കമ്പക്കാര്‍ക്ക് അത് വിസ്മയക്കാഴ്ചയാകും. കലയുടെ ഉത്സവപറമ്പില്‍ നിന്നുള്ള വിശേഷങ്ങളുമായി 'തൃക്കരിപൂരം' ഇന്ന് മുതല്‍
വര്‍ണം വിതറി ഘോഷയാത്ര
തൃക്കരിപ്പൂര്‍: അതൊരു വരവ് തന്നെയായിരുന്നു. മേളം മുറുക്കി, വര്‍ണ്ണം വിതറി കാഴ്ചക്കാരുടെ മനസുനിറച്ച യാത്ര. കലോത്സവ വരവറിയിച്ച് നടക്കാവില്‍ നിന്നും തൃക്കരിപ്പൂരിലേക്ക് നടന്ന ഘോഷയാത്ര കണ്ടു നിന്നവരെയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ പുളകം കൊള്ളിച്ചു.
ഏറ്റവും മുന്നിലായി 24 സൈക്കിളില്‍ കലോത്സവ ഫഌഗ് കെട്ടിയ കുട്ടികള്‍, അതിനു പിന്നില്‍ ഉത്സവകമ്മറ്റിക്കാരും വിഷിഷ്ടാതിഥികളും നിരന്നു നിന്നു.
തൊട്ടുപിന്നില്‍ 57ാമത് കലോത്സവം സൂചിപ്പിക്കുന്ന 57 വര്‍ണ്ണക്കുടകളുമായി കേരളീയ വേഷമണിഞ്ഞ സ്ത്രീകള്‍, ഒന്നിന് പിറകെ ഒന്നായി വിസ്മയകാഴ്ചകള്‍ കടന്നെത്തി. ഒപ്പനയും, തൈയ്‌ക്കൊണ്ടോ, സ്‌കൗട്ട്, റെഡ്‌ക്രോസ് വളണ്ടിയര്‍മാര്‍, പൂക്കളും, പൂമ്പാറ്റകളും, തത്തകളുമൊയായി കുട്ടികള്‍ കടന്നുപോകുന്ന വഴികള്‍ക്ക് പൂന്തോട്ടചന്തം നല്‍കി.
ഇന്ന് രാവിലെ ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ യു കരുണാകരന്‍ പതാക ഉയര്‍ത്തുന്നതോടെ മത്സരങ്ങള്‍ ആരംഭിക്കും. 11 വേദികളിലായാണ് മത്സരം 71 ഇനങ്ങളിലായി 394 വിദ്യാര്‍ഥികള്‍ ആദ്യ ദിനത്തെ മത്സരത്തില്‍ പങ്കെടുക്കും. ആറിന് സ്റ്റേജിന മത്സരങ്ങള്‍ തുടങ്ങും.
ജനറല്‍ വിഭാഗത്തില്‍ 212ഉം അറബിക്കില്‍ 32ഉം സംസ്‌കൃതത്തില്‍ 37 ഇനങ്ങളിലാണ് മത്സരം ആറിന് 11 വേദികളിലായി 64 ഇനങ്ങളില്‍ 690 പേരും ഒന്‍പതിന് ഒമ്പത് വേദികളില്‍ 67 ഇനങ്ങളിലായി 1400 പേരും, പത്തിന് എട്ട് വേദികളില്‍ 62 ഇനങ്ങളിലായി 1300 പേരും 11ന് ആറ് വേദികളില്‍ 30 ഇനങ്ങളില്‍ 1260 വിദ്യാര്‍ഥികളും മത്സരിക്കാനെത്തും. കൂലേരി ഗവ: എല്‍പിയില്‍ അറബിക് കലാമേളയും സെന്റ് പോള്‍സ് യു.പിയില്‍ സംസ്‌കൃതോത്സവവും നടക്കും.
200 പേരടങ്ങുന്ന പോഗ്രാം കമ്മിറ്റിയാണ് മത്സരം നിയന്ത്രിക്കുന്നത്. 115 പേരടങ്ങുന്ന വിധികര്‍ത്താക്കളുമുണ്ട്. സ്റ്റേജ് മത്സരങ്ങള്‍ 6, 9, 10, 11 തിയതികളില്‍ നടക്കും. എഴിനും എട്ടിനും മത്സരമുണ്ടാവില്ല. വേദി ഒന്ന് (സ്‌കൂള്‍ ഓഫിസിന് മുന്‍ വശം) രണ്ട് (സ്‌കൂള്‍ പ്രധാന ഗേറ്റ്) മൂന്ന്(സെന്റ് പോള്‍സ് സ്‌കൂള്‍), നാല് (പഞ്ചായത്ത് ഓഫിസിന് മുന്‍വശം) അഞ്ച് (മിനി സ്‌റ്റേഡിയം) ആറ് (കൂലേരി എല്‍ പി സ്‌കുള്‍)ഏഴ് (സെന്റ് പോള്‍സ് സ്‌കൂള്‍ ഹാള്‍) എട്ട് (ബുര്‍ജ് കെട്ടിടം) ഒമ്പത് ബാന്റ് മേളം (മിനി സ്‌റ്റേഡിയം) എന്നിവയാണ് മത്സര വേദികള്‍ സ്‌കൂളിന് പിറക്ക് വശത്താണ് ഭക്ഷണ പന്തല്‍ ഒരുക്കുന്നത്. ഒരേ സമയം 700 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാവും. ഒന്‍പതിന് രാവിലെ പത്തിന് തുറമുഖ വികസന വകുപ്പ് മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനാകും. സമാപന സമ്മേളനം പി കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും.
വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെ അനുമോദിക്കും. 281 ഇനങ്ങളിലായി 4326 പ്രതിഭകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ 122 പേര്‍ അപ്പീല്‍ മുഖേനെ എത്തിയതാണ്. കോടതി അപ്പീല്‍ വഴിയുളള അപേക്ഷകള്‍ പരിഗണനയിലുണ്ട്. കരിമ്പട്ടികയില്‍ പെട്ടിട്ടുളള വിധി കര്‍ത്താക്കളെ ഒഴിവാക്കി ഡി.പി.ഐ അംഗീകരിച്ചവരെ മാത്രമാണ് പരിഗണിക്കുന്നത്. എല്ലാ ദിവസവും പായസത്തോട് കൂടിയ വിഭവ സമൃദമായ ഭക്ഷണമാണ് ഒരുക്കുന്നത്.
ട്രോഫി കമ്മിറ്റി കലക്കി
തൃക്കരിപ്പൂര്‍: കഴിഞ്ഞ കാലങ്ങളില്‍ കലോത്സവങ്ങളില്‍ ട്രോഫി വിതരണത്തില്‍ ഇത്തവണ മാറ്റങ്ങളുമായാണ് ട്രോഫി കമ്മിറ്റി ട്രോഫികള്‍ സജീകരിച്ചത്. സ്ഥിരം ട്രോഫികള്‍ മാത്രമേ ഇത്തവണ കമ്മിറ്റി സ്വീകരിക്കുന്നുള്ളൂവെന്ന പ്രത്യേകത കൂടിയുണ്ട്. കൂടാതെ മുന്‍ കാലങ്ങളില്‍ വ്യക്തിഗത ഒന്നാം സ്ഥാനം നല്‍കുമെങ്കിലും ഗ്രൂപ്പ് ഇനങ്ങളില്‍ ഒരു ട്രോഫി മാത്രം നല്‍കുന്ന പതിവിന് ഇത്തവണ മാറ്റം വരുത്തി. എല്ലാ ഒന്നാം സ്ഥാനക്കാര്‍ക്കും ട്രോഫി വിതരണം ചെയ്യും. നല്ല വിലയുള്ള 820 ട്രോഫികള്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്. ട്രോഫികള്‍ വിതരണം ചെയ്യാന്‍ പ്രത്യേക പവലിയനും കമ്മിറ്റി ഒരുക്കുന്നുണ്ട്. ഓരോ കുട്ടിക്കും ട്രോഫികള്‍ വിതരണം ചെയ്തു കഴിഞ്ഞാല്‍ കുട്ടിയുടെ മൊബൈലില്‍ ട്രോഫി ഏറ്റുവാങ്ങുന്ന പടം എത്തിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതു ജനങ്ങള്‍ക്കും ട്രോഫി വാങ്ങാന്‍ വിവിധ മത്സരങ്ങള്‍ ഒരുക്കിയതായി ട്രോഫി കമ്മിറ്റി കണ്‍വീനര്‍ ശരീഫ് തങ്കയം അറിയിച്ചു.
സാറേ റോളിങ് വേണ്ട, സ്ഥിരം മതി
തൃക്കരിപ്പൂര്‍: സാറേ റോളിംഗ് ട്രോഫി വേണ്ട സ്ഥിരം ട്രോഫി മതി. ആവശ്യം സ്‌കൂളുകളുടെയും അധ്യാപകരുടെയും. ഓരോ കലോത്സവത്തിലും റോളിങ് ട്രോഫികള്‍ മത്സര വിജയികള്‍ വീടുകളിലേക്കോ സ്‌കൂളുകലിലേക്കോ കൊണ്ടുപോകാറില്ല. കാരണം അടുത്ത വര്‍ഷം കലോത്സവം നടക്കുന്ന സ്‌കൂളുകളില്‍ എത്തിക്കുന്ന പ്രയാസമാണ് ഇതിന് പ്രധാന കാരണം. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ കലോത്സവം നടന്ന സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം കലോത്സവം നടക്കുന്ന സ്‌കൂളിലേക്ക് റോളിംഗ് ട്രോഫി എത്തിക്കുന്ന കാര്യത്തില്‍ ട്രോഫി കമ്മറ്റിക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
ഉത്സവ കവാടത്തിന് ഇനി ഓല ചന്തം
തൃക്കരിപ്പൂര്‍: ഉത്സവ കവാടത്തിന് ഇനി ഓല ചന്തം. ഇന്നലെ മുതല്‍ തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം കുറിച്ച റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം പരിസ്ഥിതി സൗഹൃദമാണെന്ന് അവകാശപ്പെട്ടെങ്കിലും പ്രധാന കവാടം പ്ലാസ്റ്റിക് ഫഌക്‌സ് ഉപയോഗിച്ചാണ് ഒരുക്കിയത്. ഇത് സുപ്രഭാതം സംഘാടകരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതോടെ പ്രശ്‌നത്തിന് ഉടന്‍ പരിഹാരമായി. ഇന്നലെ രാവിലെ ഫഌക്‌സ് കവാടം അഴിച്ചു മാറ്റി തെങ്ങോലയില്‍ മനോഹരമായ കവാടം സംഘാടകര്‍ ഒരുക്കുകയായിരുന്നു. നാലു തൊഴിലാളികള്‍ വിശ്രമമില്ലാതെ പണിയെടുത്താണ് വൈകീട്ടോടെ ഓല കവാടം ഒരുക്കിയത്.
ഒന്നാം ഉത്സവം
രാവിലെ 9.30 മുതല്‍ (സ്‌റ്റേജിതരം)
വേദി 11: ചിത്രരചന(പെന്‍സില്‍, ജലച്ചായം,എണ്ണച്ചായം),
കൊളാഷ്, കാര്‍ട്ടൂണ്‍
വേദി 12: കഥാരചന, കവിതാരചന, ഉപന്യാസ രചന(മലയാളം)
വേദി 13: ഉപന്യാസം, കഥാരചന (ഇംഗ്ലിഷ്)
വേദി 14: കഥാരചന, കവിതാരചന, ഉപന്യാസരചന(ഹിന്ദി)
വേദി 15: കഥാരചന, കവിതാരചന, ഉപന്യാസ രചന (കന്നഡ)
വേദി 16: കഥാരചന, കവിതാരചന, ഉപന്യാസ രചന (ഉറുദു)
വേദി 17: ഉറുദു പ്രശ്‌നോത്തരി
വേദി 18 : സംസ് കൃതോത്സവം കഥാരചന, കവിതാരചന,
ഉപ ന്യാസ രചന
വേദി 19: അറബിക് സാഹിത്യോത്സവം കഥാരചന, ഉപന്യാസ
രചന, അടിക്കുറിപ്പ് രചന, പോസ്റ്റര്‍ നിഘണ്ടു നിര്‍മാണം
വേദി 20: അറബിക് പ്രശ്‌നോത്തരി, പദപ്പയറ്റ്, പദകേളി, തര്‍ജമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."