ചീക്കോട് കുടിവെള്ള പദ്ധതി കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും ബന്ധിപ്പിക്കുന്നു
കൊണ്ടോട്ടി: ചീക്കോട് കുടിവെള്ള പദ്ധതി കരിപ്പൂര്‍ വിമാനത്താവളത്തിലെ കുടിവെളളത്തിനായും പ്രയോജനപ്പെടുത്താന്‍ നടപടികളാകുന്നു. ഇതുസംബന്ധിച്ചു വാട്ടര്‍ അതോറിറ്റിയുമായി എയര്‍പോര്‍ട്ട് അതോറിറ്റി ചര്‍ച്ച നടത്തി.
കേന്ദ്രതലത്തില്നിന്നടക്കം അനുമതിയും സഹായവും തേടിയാണ് എയര്‍പോര്‍ട്ട് അതോറിറ്റി രംഗത്തെത്തിയിരിക്കുന്നത്. ഇതിനുള്ള ചെലവ് അതോറിറ്റി വഹിക്കും. 45,000 കുടുംബങ്ങള്‍ക്കു പ്രയോജനംചെയ്യുന്ന പദ്ധതിയാണ് ചീക്കോട് കുടിവെള്ള പദ്ധതി. നിലവില്‍ നിര്‍ദിഷ്ട പഞ്ചായത്തുകള്‍ക്കും നഗരസഭയ്ക്കുമാണ് ചീക്കോട് കുടിവെള്ള പദ്ധതി പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നത്. കൊണ്ടോട്ടി നഗരസഭാ പരിധിയില്‍ വാട്ടര്‍ അതോറിറ്റി ഏറ്റെടുത്തു കണക്ഷന് നല്കാന് തീരുമാനിച്ചിട്ടുമുണ്ട്.
ചീക്കോട് പദ്ധതി നടപ്പിലാക്കാന്‍ ജലനിധിക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. ജലനിധിക്കു ചട്ടപ്രകാരം ഗ്രാമപ്രദേശങ്ങളിലേക്ക് മാത്രമേ തുക അനുവദിക്കാനുള്ള അനുമതിയുള്ളൂ. അതിനാല്‍ കൊണ്ടോട്ടി നഗരസഭയെ ഇതില്‍നിന്ന് ഒഴിവാക്കിയിരുന്നു. നേരത്തെ കൊണ്ടോട്ടിയും നെടിയിരുപ്പും പഞ്ചായത്തുകളായിരന്നതിനാല് പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇരു പഞ്ചായത്തുകളും കൂട്ടിച്ചേര്‍ത്തു നഗരസഭയാക്കിയത്. പദ്ധതിയില്‍ ഉള്‍പ്പെടാത്ത നഗരസഭയിയിലാണ് പ്രധാന ടാങ്കുകളും മറ്റു പഞ്ചായത്തുകളിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പുകളും സ്ഥാപിച്ചിരുന്നത്.
എന്നാല്‍, നഗരസഭയായതിന്റെ പേരില്‍ ജലനിധിക്കു കൊണ്ടോട്ടിയെ പദ്ധതിയില്‍ ഉള്‍പെടുത്താനാകില്ലെന്ന സാങ്കേതിക തടസമുണ്ടായതോടെ നഗരസഭ പുറത്താകുകയും ചെയ്തു. പിന്നീട് സ്ഥലം ടി.വി ഇബ്രാഹീം എം.എല്‍.എ ഇടപെട്ടു വകുപ്പ് മന്ത്രിയെ കണ്ട് നഗരസഭയെ ഉള്പ്പെടുത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."