സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ കാടുകേറി; ദുരിതം പേറി ജീവനക്കാരും
പുതുശ്ശേരി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കു താമസിക്കാന്‍ കല്ലേപ്പുള്ളിയില്‍ നിര്‍മിച്ച എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സുകള്‍ പലതും കാടുമൂടിയതോടെ കാട്ടുജീവികളും പാമ്പുകളടക്കമുള്ള ഇഴജീവികളുടെയും വിഹാരകേന്ദ്രമായി. സമീപ വീടുകളിലെ താമസക്കാരും ഇതിനാല്‍ ബുദ്ധിമുട്ടുന്നുണ്ട്.
എല്ലാവിധ സൗകര്യങ്ങളുമുള്ള മറ്റു ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കാന്‍ കാത്തു നില്‍ക്കുന്നവരുടെ കാര്യത്തിലും ഇതുവരെ തീരുമാനമായില്ല. ജീവനക്കാര്‍ക്കും കുടംബങ്ങള്‍ക്കും താമസിക്കാന്‍ വേണ്ടി സര്‍ക്കാര്‍ 132 ക്വാര്‍ട്ടേഴ്‌സുകളാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിച്ചത്. ഇതില്‍ 15 എണ്ണം ഒഴിഞ്ഞു കിടക്കുന്നു 16 എണ്ണം അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി കാത്തിരിക്കുന്നവയാണ്. ഈ ക്വാര്‍ട്ടേഴ്‌സുകളില്‍ എത്തിപ്പെടണമെങ്കില്‍ ആദ്യം കാടുവെട്ടിത്തെളിക്കണം.
കുറ്റിച്ചെടികളും മരങ്ങളും കാട്ടുവള്ളികളും നിറഞ്ഞു കിടക്കുന്നു. കൂടാതെ ഇഴജന്തുക്കളുടെ ശല്യവുമേറെയാണ്. ക്വാര്‍ട്ടേഴ്‌സുകളില്‍ മിക്കതും നാശത്തിന്റെ വക്കിലാണ്. ക്വാര്‍ട്ടേഴ്‌സുകളിലേക്കുള്ള റോഡുകളുടെ ഇരുവശത്തും കാടു മൂടിക്കിടക്കുകയാണ്.
ശോച്യാവസ്ഥയിലായ ക്വാര്‍ട്ടേഴ്‌സുകളുടെ അറ്റകുറ്റപ്പണിക്കു ഫണ്ട് അധികം ലഭ്യമല്ലെന്നും ലഭിക്കുന്ന തുക കൊണ്ടു മുന്‍ഗണനാ ക്രമത്തില്‍ അറ്റകുറ്റപ്പണി നടത്തുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. വീടുകളുടെ അറ്റകുറ്റപ്പണികള്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണ്. എന്നാല്‍ ക്വാര്‍ട്ടേഴ്‌സുകള്‍ അനുവദിക്കുന്നത് ജില്ലാ കലക്ടറായതിനാല്‍ 15 ക്വാര്‍ട്ടേഴ്‌സുകളിലേക്ക് അനുമതി ലഭിക്കാന്‍ അപേക്ഷ കൊടുത്തവരുടെ കാര്യത്തില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനമായിട്ടില്ല.
ഇവരില്‍ മിക്കവരും സ്വകാര്യ വീടുകളിലാണു ഇപ്പോള്‍ താമസം. ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണിവര്‍.
ക്വാര്‍ട്ടേഴ്‌സുകളിലെ ശോച്യാവസ്ഥ പരിഹരിക്കുകയും പ്രദേശത്തെ കാടുവെട്ടിത്തെളിച്ചു സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."