കൊടുമ്പ്: വന്‍തുക ചെലവിട്ട് റോഡ് പണിതെങ്കിലും ഈ റോഡുവഴി സഞ്ചരിക്കണമെങ്കില്‍ വണ്ടിയുമായി റോഡില്‍ സര്‍ക്കസ് കളിക്കേണ്ട അവസ്ഥയാണ്. അല്ലെങ്കില്‍ മൂന്ന് കിലോമീറ്റര്‍ ദൂരം അധികം സഞ്ചരിക്കേണ്ട ഗതികേടും. കൊടുമ്പ് പഞ്ചായത്തിലെ കല്ലിങ്കല്‍ മുതല്‍ മലമ്പുഴ വരെയുള്ള കനാല്‍ റോഡ് പോകുന്നത് ദേശീയപാത മുറിച്ചു കടന്നാണ്.
ദേശീയപാത മുറിച്ചു കടന്നാണെങ്കിലും യാത്രക്കാര്‍ക്ക് ഇത് സാദ്ധ്യമല്ല. കല്ലിങ്കലില്‍ നിന്ന് വരുന്നവര്‍ക്ക് ദേശീയപാത മുറിച്ചു കടക്കുന്നതിന് തടസ്സമാവുകയാണ് റോഡില്‍ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡര്‍. റോഡ് മുറിച്ചു കടക്കാന്‍ സാധിക്കാത്ത തരത്തിലാണ് ദേശീയപാതയില്‍ ഡിവൈഡര്‍ സ്ഥാപിച്ചിരിക്കുന്നത്.
ഇരുചക്ര വാഹനങ്ങളും മറ്റ് വാഹനങ്ങളും ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി പോകുന്നത്. റോഡില്‍ നിന്ന് നേരിട്ട് ഹൈവേയിലേക്ക് പ്രവേശിക്കുന്നത് വാഹനാപകടങ്ങള്‍ക്കും കാരണമാകുന്നു. ഡിവൈഡറിന് മുകളില്‍ കൂടിയല്ലാതെ പോകണമെങ്കില്‍ കാടാങ്കോടുവഴി മൂന്ന് കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കണം. അവിടെയെത്തിയ യു ടേണ്‍ എടുത്താല്‍ മാത്രമേ ഹൈവേയുടെ മറുഭാഗത്തെത്താന്‍ സാധിക്കൂ.
ദേശീയപാത മുറിച്ചു കടക്കുന്നതിനുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ഫലപ്രദമായ ട്രാഫിക് സിഗ്നലുകളോ സര്‍വീസ് റോഡോ ഇതിനോടനുബന്ധിച്ച് സ്ഥാപിക്കണം. കനാല്‍റോഡ് ദേശീയപാതയുമായി കൂട്ടിമുട്ടുന്ന സ്ഥലത്ത് കട്ടിങ്ങോടുകൂടി സിഗ്നല്‍ സംവിധാനം സ്ഥാപിക്കണമെന്നത് യാത്രക്കാരുടെ നാളുകളായുള്ള ആവശ്യമാണ്.
കോടികള്‍ മുടക്കി റോഡ് പണിയുന്ന സമയത്ത് അധികൃതര്‍ ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാത്തത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ് ചെയ്തിരിക്കുന്നത്. പാലക്കാട് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയിലുണ്ടായ ഉത്തരവിലെ വിവരങ്ങള്‍ കളക്ടറുടെ ഓഫീസ് അറിയിച്ചത് അഞ്ചു മാസം കഴിഞ്ഞിട്ടെന്ന് പരാതിയുയരുന്നുണ്ട്. കൊടുമ്പ് കല്ലിങ്കല്‍ മുതല്‍ മലമ്പുഴ വരെയുള്ള കനാല്‍റോഡ് ദേശീയപാതയുമായി മുട്ടുന്ന ജങ്ഷനില്‍ സിഗ്നല്‍ വേണമെന്ന ആവശ്യത്തില്‍ കമ്മീഷന്‍ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇത് പത്രങ്ങളിലൂടെ, പരാതിക്കാരന്‍ മാങ്കാവ് സ്വദേശി അറിഞ്ഞിരുന്നുവെങ്കിലും ഉത്തരവ് വന്ന് അഞ്ചു മാസം കഴിഞ്ഞിട്ടും കലക്ടറുടെ ഓഫിസ് ഇതിലെ നിര്‍ദേശങ്ങള്‍ പരാതിക്കാരനെ അറിയിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."