സാമൂഹ്യ വിരുദ്ധരുടെ താവളമായി ടൂറിസ്റ്റ് ബംഗ്ലാവും ക്വാര്‍ട്ടേഴ്‌സുകളും
കല്ലടിക്കോട്: പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ കല്ലടിക്കോട് ടൂറിസ്റ്റ് ബംഗ്ലാവും അതിനോടു ചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്‌സുകളും നാശത്തിന്റെ വക്കില്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് ബ്രിട്ടീഷുകാരുടെ കാലത്തു നിര്‍മിച്ച ടൂറിസ്റ്റ് ബംഗ്ലാവും ക്വാര്‍ട്ടേഴ്‌സുകളുമാണ് ഇത്തരത്തില്‍ നശിക്കുന്നത്.
ഇന്ത്യ സ്വതന്ത്രമായതോടെ ക്വാര്‍ട്ടേഴ്‌സുകളുടെ ഭരണം സംസ്ഥാന ജലസേചനവകുപ്പിനു നല്‍കുകയായിരുന്നു. തുടര്‍ന്നു കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയിലേക്കും കൈ മാറിയതോടെ അറ്റകുറ്റപ്പണികള്‍ പൂര്‍ണമായും നിലച്ചു.
നിലവില്‍ തകര്‍ന്ന ക്വാര്‍ട്ടേഴ്‌സുകള്‍ സാമൂഹ്യവിരുദ്ധരുടെ താവളമാണ്. 70 ലേറെ വര്‍ഷത്തെ പഴക്കമുള്ള ക്വാര്‍ട്ടേഴ്‌സുകള്‍ അറ്റകുറ്റപ്പണി നടത്തിയാല്‍ ഇനിയും ഏറെക്കാലം ഉപയോഗിക്കാനാകും. നിലവില്‍ പത്തോളം കെട്ടിടങ്ങളാണ് പൂര്‍ണമായും തകര്‍ന്നു കിടക്കുന്നത്. നന്നാക്കിയെടുക്കുകയാണെങ്കില്‍ പാലക്കാട്, മുണ്ടൂര്‍, കല്ലടിക്കോട്, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ഈ ടൂറിസ്റ്റ് ബംഗ്ലാവ് ഏറെ ഗുണകരമാകുമായിരുന്നു.
ഇപ്പോള്‍ തകര്‍ന്ന കെട്ടിടങ്ങള്‍ പാമ്പും മറ്റു വന്യ മൃഗങ്ങളുടെയും ആവാസ കേന്ദ്രമാക്കിയിരിക്കുകയാണ്. അധികൃതര്‍ എത്രയും വേഗം ഇവയുടെ അറ്റകുറ്റപ്പണി നടത്തി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് താമസത്തിനു നല്‍കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."