നിമയങ്ങള്‍ കാറ്റില്‍ പറത്തി ഇഷ്ടികച്ചൂളകള്‍ വ്യാപകമാകുന്നു
മലമ്പുഴ: മലമ്പുഴ പഞ്ചായത്തില്‍ കോരയാര്‍പ്പുഴയുടെ തീരത്തും കൃഷിയിടങ്ങളിലും വനാതിര്‍ത്തിക്ക് സമീപത്തുമായി അനധികൃത ഇഷ്ടികച്ചൂളകള്‍ വ്യാപകമാകുന്നു. ഇഷ്ടിക നിര്‍മാണത്തിനായി മണ്ണെടുക്കുന്നതാകട്ടെ കൃഷിയിടങ്ങളില്‍ വന്‍കുഴികള്‍ തീര്‍ത്തും. ഇത്തരത്തില്‍ പന്നിമട ആറങ്ങോട്ടു കുളമ്പില്‍ നിരവധി ചൂളകള്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ കോരയാര്‍പ്പുഴ പാലത്തിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഇഷ്ടികച്ചൂളക്ക് ഗ്രാമപഞ്ചായത്ത് മുന്‍പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
പുഴയ്ക്കും വനാതിര്‍ത്തിക്കും സമീപത്തായി പുഴയോരത്തെ കൃഷിയിടങ്ങളിലും ഇപ്പോള്‍ അഞ്ചു ചൂളകള്കൂടി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. മറ്റ് ആറെണ്ണം പ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുകയുമാണ്. കുന്നിടിച്ചും പുഴയില്‍ നിന്ന് വെള്ളമെടുത്തുമാണ് മുന്‍പ് ചൂളകളുടെ പ്രവര്‍ത്തനം നടന്നിരുന്നത്. എന്നാലിപ്പോള്‍ കൃഷിയിടങ്ങളില്‍ നിന്ന് മണ്ണെടുത്തും പുഴയ്ക്ക് സമീപത്ത് കുഴികള്‍ നിര്‍മ്മിച്ച് വെള്ളമെടുത്തുമാണ് ചൂളകളുടെ പ്രവര്‍ത്തനം. ഒരു വര്‍ഷം മുന്‍പുവരെ വര്‍ഷത്തില്‍ മൂന്നുതവണ നെല്‍ക്കൃഷി ചെയ്തിരുന്ന പാടങ്ങളാണ് ചൂള നടത്തിപ്പിന് ഉപയോഗിക്കുന്നത്.
കൃഷിയിടങ്ങളില്‍ ചൂളകള്‍ക്ക് മണ്ണെടുക്കുന്നതിനായി വന്‍കുഴികള്‍ തീര്‍ത്തതോടെ സമീപത്തെ കൃഷിയിടങ്ങളിലൊന്നും വെള്ളം നില്‍ക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതോടെ മേഖലയിലെ കൃഷികള്‍ ഉണങ്ങാനും തുടങ്ങിയിട്ടുണ്ട്. ചൂള നിര്‍മ്മാണത്തിനായി പുഴയില്‍ നിന്ന് വന്‍തോതില്‍ വെള്ളമൂറ്റിയതിനാല് പുഴ ഇപ്പോള്‍ പൂര്‍ണ്ണമായി വറ്റിയനിലയിലാണ്. ഇപ്പോള്‍ പുഴക്ക് സമീപത്ത് കുഴികള്‍ നിര്‍മ്മിച്ചാണ് ചൂളകളിലേക്ക് വെള്ളമെടുക്കുന്നത്. വേനല്‍ക്കാലങ്ങളില്‍ കൃഷിക്കായി അല്പമെങ്കിലും വെള്ളം കിട്ടിയിരുന്നത് ചൂളകളുടെ വരവോടെ തീരെയില്ലാതായെന്ന് കോരയാര്പ്പുഴയെ കൃഷിക്കായി ആശ്രയിക്കുന്ന കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."