നീലേശ്വരം ജൈവോത്സവം നാളെ മുതല്‍
നീലേശ്വരം: ജൈവകാര്‍ഷിക സംസ്‌കൃതിയുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി നഗരസഭ സംഘടിപ്പിക്കുന്ന ജൈവോത്സവം നാളെ മുതല്‍ ആരംഭിക്കും. ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ജൈവോത്സവം മാര്‍ക്കറ്റ് ജങ്ഷനിലെ ജൈവോദ്യാന പരിസരത്താണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനോടനുബന്ധിച്ച് ജൈവപച്ചക്കറി വിപണന മേള, ജൈവ വിഭവനിര്‍മാണം, ജൈവ ഭക്ഷ്യമേള, ജൈവ ഫലവൃക്ഷം നടീല്‍, കര്‍ഷകസംഗമം, കാര്‍ഷിക സെമിനാറുകള്‍, കലാപരിപാടികള്‍ തുടങ്ങിയവയും നടക്കും. നീലേശ്വരം ആഴ്ചച്ചന്തയുടെ പ്രതാപം വീണ്ടെടുക്കുകയാണ് ജൈവോത്സവത്തിന്റെ ലക്ഷ്യം.
നാളെ വൈകുന്നേരം നാലിന് പി.കരുണാകരന്‍ എം.പി ജൈവോത്സവം ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍ അധ്യക്ഷനാകും. നഗരസഭാ സെക്രട്ടറി എന്‍.കെ ഹരീഷ് പദ്ധതി അവതരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ജൈവസന്ദേശം ജനങ്ങളിലെത്തിക്കും. നബാര്‍ഡ് എ.ജി.എം ജ്യോതിസ് ജഗനാഥന്‍ പ്രദര്‍ശന ഉദ്ഘാടനവും കാര്‍ഷിക സര്‍വകലാശാലാ ഡീന്‍ ഡോ. എം.ഗോവിന്ദന്‍ ആദ്യവില്‍പ്പനയും നടത്തും. 27ന് രാവിലെ പത്തിന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജെയിംസ് മാത്യു ജീവനം പദ്ധതിയും കരുവാച്ചേരി ഫാം സൂപ്രണ്ട് പി.വി സുരേന്ദ്രന്‍ നഗരവനം പദ്ധതിയും ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് സെമിനാര്‍, വൈകീട്ട് അഞ്ചിന് കുടുംബശ്രീ കലാമേള എന്നിവയുമുണ്ടാകും. 28ന് രാവിലെ പത്തിന് സെമിനാര്‍ കില ഡയരക്ടര്‍ ഡോ. പി.പി ബാലന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് നെല്ലുകുത്തല്‍ മത്സരം നടക്കും. 29ന് രാവിലെ പത്തിന് സെമിനാര്‍, വൈകുന്നേരം അഞ്ചിന് സാംസ്‌കാരിക സന്ധ്യ തുടങ്ങിയവ നടക്കും. 30ന് രാവിലെ കുട്ടിവനം പദ്ധതി ക്ലീന്‍ കേരള കമ്പനി മാനേജിങ് ഡയരക്ടര്‍ ബി.ഹാറൂണ്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് കര്‍ഷകസംഗമവും ഉണ്ടാകും. 31ന് രാവിലെ പത്തിനും ഉച്ചയ്ക്ക് രണ്ടിനും സെമിനാറുകള്‍ നടക്കും. വൈകീട്ട് അഞ്ചിന് വടക്കുകിഴക്കന്‍ സാംസ്‌കാരിക പരിപാടി പി.വി.കെ പനയാല്‍ ഉദ്ഘാടനം ചെയ്യും.
ഒന്നിന് രാവിലെ പത്തിന് അമ്മരുചി-പാചകമത്സരം, പത്തരയ്ക്ക് സെമിനാര്‍ എന്നിവ നടക്കും. വൈകീട്ട് അഞ്ചിന് ആഴ്ചച്ചന്ത പ്രഖ്യാപനത്തോടെ ജൈവോത്സവം സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍, ഉപാധ്യക്ഷ വി.ഗൗരി, സ്ഥിരംസമിതി അധ്യക്ഷന്മാരായ പി.പി മുഹമ്മദ്‌റാഫി, പി.രാധ, പി.എം സന്ധ്യ, കൗണ്‍സിലര്‍മാരായ പി.ഭാര്‍ഗവി, എം.സാജിത സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."