ജയലളിതയുടെ മരണം: ശശികല പുഷ്പയുടെ ഹരജി തള്ളി
ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹത ആരോപിക്കുകയും സംഭവത്തെക്കുറിച്ച് സി. ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്ത് അണ്ണാ ഡി.എം.കെയില്‍ നിന്നും പുറത്താക്കിയ ശശികല പുഷ്പ എം.പി നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി.
ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും എന്താണ് സംഭവിച്ചതെന്നും അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 അടിസ്ഥാനമാക്കിയാണ് സുപ്രിം കോടതിയില്‍ ഹരജി നല്‍കിയിരുന്നത്.
സമാനമായ ഹരജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നും അതിനാല്‍ ഹരജി തള്ളുകയാണെന്നും വിഷയത്തില്‍ ശശികല പുഷ്പക്ക് വ്യക്തി താല്‍പര്യങ്ങളുണ്ടെന്നും സുപ്രിം കോടതി വ്യക്തമാക്കി.
തമിഴ്‌നാട് തെലുങ്ക് യുവ ശക്തി എന്ന സംഘടനയുടെ ഹരജിയും സുപ്രീംകോടതി തള്ളി. ആര്‍ട്ടിക്കിള്‍ 32 നു കീഴില്‍ വീണ്ടും ഹരജി നല്‍കരുതെന്നും കോടതി താക്കീത് നല്‍കി.
ജയലളിതക്ക് നല്‍കിയ ചികിത്സകള്‍ എന്തെല്ലാം, അവര്‍ക്ക് നല്‍കിയ ജീവന്‍ സഹായ ഉപകരണങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍, ജയലളിതയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കണം തുടങ്ങിയ ആവശ്യങ്ങളില്‍ ഒട്ടേറെ ഹരജികള്‍ മദ്രാസ് ഹൈകോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.
ഹരജികള്‍ ഒരുമിച്ച് ഈ മാസം ഒമ്പതിന് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്.കെ. കൗള്‍, ജസ്റ്റിസ് എം. സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."