ഊണിന് 90, മസാലദോശക്ക് 70,ബിരിയാണിക്ക് 150...! കഴുത്തറുപ്പുമായി നഗരത്തിലെ ഹോട്ടലുകള്‍
തിരുവനന്തപുരം: നഗരത്തിലെ ഹോട്ടലുകളില്‍ ഭക്ഷണസാധനങ്ങള്‍ക്ക് തീവില.മാനദണ്ഡങ്ങള്‍ ലംഘിച്ചു ഓരോ സ്ഥാപനങ്ങളും അവരവര്‍ക്കു തോന്നിയ വിലയാണ് ഈടാക്കുന്നത്. വില നിയന്ത്രിക്കുന്നതിനും ഏകീകരിക്കുന്നതിനുമായി നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന ഗ്രേഡിങ് സമ്പ്രദായം ഇപ്പോഴും കടലാസിലാണ്.
ഊണിന് 40 രൂപ മുതല്‍ 90 രൂപ വരെയാണ് ഹോട്ടലുകള്‍ ഈടാക്കുന്നത്. ബിരിയാണിക്ക് 90 മുതല്‍ 150 വരെ. മസാല ദോശക്ക്് മിക്കയിടങ്ങളിലും 30 രൂപയാണുള്ളതെങ്കിലും 70 രൂപ വരെ ഈടാക്കുന്ന കൊള്ളക്കാരുമുണ്ട്. എല്ലാ ഭക്ഷണശാലകളിലും വില നിര്‍ണയ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ടെങ്കിലും പൂര്‍ണമായി നടപ്പിലായിട്ടില്ല.
മിക്കയിടങ്ങളിലും ബോര്‍ഡില്‍ സൂചിപ്പിച്ചിട്ടുള്ളതിനെക്കാള്‍ അധിക വിലയാണ് നല്‍കേണ്ടി വരിക. രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലും ഹോട്ടലുകള്‍ക്കായി ഗ്രേഡിങ് സംവിധാനം നിലവിലുണ്ട്. ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന സ്ഥലം, സീറ്റിങ് കപ്പാസിറ്റി, സൗകര്യങ്ങള്‍, പ്രതിമാസവരവ് എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഗ്രേഡ് തിരിക്കുന്നത്. ഓരോ ഗ്രേഡിലും ഭക്ഷണത്തിന് ഈടാക്കാവുന്ന പരമാവധി തുക സര്‍ക്കാര്‍ നിശ്ചയിക്കും.
പദ്ധതി നടപ്പായാല്‍ സാധാരണക്കാര്‍ ഈ കഴുത്തറുപ്പില്‍ നിന്നു രക്ഷപ്പെടും. എന്നാല്‍ അധികൃതരുടെ നിസംഗത മൂലം പദ്ധതി കടലാസില്‍ ഒതുങ്ങുകയാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."