കലോത്സവത്തിലെ ഫലനിര്‍ണയത്തില്‍ അഴിമതി നടന്നതായി ആരോപണം
പറവൂര്‍: ജില്ല കലോത്സവത്തിലെ പ്രധാന മത്സരങ്ങളുടെ ഫലനിര്‍ണയത്തില്‍ അഴിമതി നടന്നതായി ആരോപണം. ശാസ്ത്രീയ നൃത്തമടക്കമുള്ള ഇനങ്ങളില്‍ വിജയികളെ തീരുമാനിച്ചത് വിധികര്‍ത്താക്കളെ സ്വാധിനിച്ചാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം മത്സരങ്ങളുടെ ഫലം നേരത്തെ നിശ്ചയിക്കപ്പെട്ടതാണെന്നും മത്സരങ്ങള്‍ വെറും പ്രഹസനമായിരുന്നവെന്നും ഇവര്‍ പറഞ്ഞു. ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ട മത്സരത്തിന്റെയും നടോടി നൃത്തത്തിന്റെയും ഒന്നാം സ്ഥാനം നേടിയ പെണ്‍കുട്ടിയുടെ പേര് ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പേ ഒന്നാം വേദിയുടെ പലയിടങ്ങളിലായി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടു. ഇതിന്റെ കോപ്പി മീഡിയ റൂമിലും ലഭ്യമാക്കി. മോഹിനിയാട്ടത്തില്‍ ഒരു കുട്ടിയുടെയും നാടോടി നൃത്തത്തില്‍ മൂന്ന് കുട്ടികളുടെയും പേരാണ് നേരത്തെ പുറത്തായത്.ഹയര്‍സെക്കന്‍ഡറി കുച്ചിപ്പുടിയിലാണ് ആദ്യമായി കോഴയാരോപണം ഉയര്‍ന്നത്. മത്സരത്തില്‍ വിധികര്‍ത്താക്കളില്‍ ഒരാള്‍ ഒന്നാം സമ്മാനം ലഭിച്ച വിദ്യാര്‍ഥിനിക്ക് അനുകൂലമായി മാര്‍ക്ക് നല്‍കിയെന്നാണ് ആരോപണം. മറ്റു ജഡ്ജിമാര്‍ കുറവ് മാര്‍ക്ക് നല്‍കിയപ്പോള്‍ ഒരു ജഡ്ജ് കൂടൂതല്‍
മാര്‍ക്ക് നല്‍കിയെന്ന് രക്ഷിതാവ് ആരോപിച്ചു. മത്സരഫലത്തിന്റെ തിരുത്താത്ത പകര്‍പ്പിനായി രക്ഷിതാവ് വിവരാകാശപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ട്. കല അധ്യാപകരുടെ നേതൃത്വത്തിലാണ് തിരിമറി നടക്കുന്നത്. ഹൈസ്‌കൂള്‍ വിഭാഗം സംഘ നൃത്തത്തില്‍ ആദ്യനാല് സ്ഥാനം ലഭിച്ചത് ഒരധ്യാപകന്‍ പരിശീലിപ്പിച്ച ടീമിനാണ്.
ഇതിനെതിരെ അപ്പീല്‍ നല്‍കിയാലും അത് പ്രഹസനമായി മാറുകയാണെന്നും ചില രക്ഷിതാക്കള്‍ പറയുന്നു. ഇടനിലക്കാര്‍ മുഖേനയാണ് ഫിക്‌സിങ് നടക്കുന്നത്. ഏത് ജില്ലയില്‍ ആരൊക്കെയാണ് വിധികര്‍ത്താക്കള്‍ എന്നറിയാന്‍ ഇടനിലക്കാരുടെ ചങ്ങല തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് ഒത്തുകളി നടക്കുന്നതെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."