കൊച്ചിയില്‍ ഗ്രൂപ്പ് പോര് വീണ്ടും ശക്തമായി ബ്ലോക്ക് കമ്മിറ്റി പിരിച്ച് വിടണമെന്ന് ഒരുവിഭാഗം
മട്ടാഞ്ചേരി: കൊച്ചി മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമായിട്ടും നേതൃത്യം വിഷയത്തില്‍ ഇടപെടാത്തതില്‍ പ്രവര്‍ത്തകരില്‍ അമര്‍ഷം. പുതിയ ഡി.സി.സി പ്രസിഡന്റിന് തലവേദന സൃഷ്ടിക്കുന്ന വിധത്തില്‍ വീട് കയറി ആക്രമണവും വാക്ക് പോരും ശക്തമായി.
കൊച്ചി മണ്ഡലത്തിലെ നോര്‍ത്ത് ബ്ലോക്കിലാണ് ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമായിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് നിര്‍ത്തി ശക്തിപ്പെടുത്തുന്നതിനായി യുവത്വത്തിന് മുന്‍ഗണന നല്‍കിയത് ഏറെ അംഗീകരിക്കപ്പെട്ടെങ്കിലും .കൊച്ചിയിലെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തത് പുതിയ ഡി.സി.സി പ്രസിഡന്റിന്റെ പ്രവര്‍ത്തന പരാജയമായി വിലയിരുത്തുന്നു.
നോര്‍ത്ത് ബ്ലോക്കില്‍ യോഗങ്ങള്‍ വിളിച്ച് കുട്ടുന്നത് തന്നെ പ്രത്യേകമായാണ്. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി ജനുവരി ആറിന് ഡി.സി.സിയുടെ നേതൃത്വത്തിന്‍ നടക്കുന്ന സമരപരിപാടിയിലെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ഇരു വിഭാഗവും വ്യത്യസ്ഥ യോഗങ്ങള്‍ വിളിച്ചാണ് വിശദീകരിച്ചത്. എന്നാല്‍ യോഗങ്ങളില്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനാണ് മുന്‍ഗണന നല്‍കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചുള്ളിക്കല്‍ പാദുവാ ഹാളില്‍ ഡൊമനിക്ക് പ്രസന്റേഷന്റെ ഗ്രൂപ്പ് യോഗം ചേര്‍ന്നത്. എന്നാല്‍ ബുധനാഴ്ച ഡി.സി.സി സെക്രട്ടറി പി.കെ അബ്ദുള്‍ ലത്തീഫിന്റെ നേതൃത്വത്തിലും യോഗങ്ങള്‍ നടന്നത്. നിലവിലെ ബ്ലോക്ക് കമ്മിറ്റികളും എല്ലാ മണ്ഡലം കമ്മിറ്റികളും പിരിച്ച് വിട്ട് പുതിയ കമ്മിറ്റികള്‍ രൂപീകരിക്കണമെന്നാണ് അബ്ദുള്‍ ലത്തീഫിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ആവശ്യമുയര്‍ന്നത്.
ഡൊമനിക്ക് പ്രസന്റേഷന്റെ തോല്‍വിയെ തുടര്‍ന്നാണ് കൊച്ചി മണ്ഡലത്തില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമായത്. ഇതേ തുടര്‍ന്ന് മണ്ഡലത്തില്‍ ശക്തമായ എ ഗ്രൂപ്പ് പിളരുകയായിരിന്നു. മണ്ഡലത്തില്‍ പെടുന്ന സൗത്ത് ബ്ലോക്കില്‍ ഒരു ഭാഗത്ത് ഐ ഗ്രൂപ്പും മറുഭാഗത്ത് കെ.വി തോമസ് വിഭാഗവും എ ഗ്രൂപ്പും തമ്മിലാണ് പോര്. ബ്ലോക്ക് യോഗത്തില്‍ വൈസ് പ്രസിഡന്റിനെ ഒരു ഡി.സി.സി സെക്രട്ടറി മര്‍ദിച്ച സംഭവമുണ്ടായി. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഐ ഗ്രൂപ്പ് കാരനായ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എ സഗീറിന്റെ വീട്ടില്‍ ആക്രമണം നടന്നത്.കൊച്ചി നോര്‍ത്ത് ബ്ലോക്കില്‍ എ ഗ്രൂപ്പിലെ പിളര്‍ന്ന വിഭാഗങ്ങള്‍ തന്നെയാണ് പോര്.ഇവിടെ ഐ ഗ്രൂപ്പും കെ.വി തോമസ് വിഭാഗവും എ ഗ്രൂപ്പ് നേതാക്കളുടെ പിന്നില്‍ അണിനിരന്നിരിക്കുകയാണ്. ഡൊമനിക്ക് പ്രസന്റേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗങ്ങളിലാണ് ഇവര്‍ പങ്കിടുക്കുന്നത്.
മറ്റൊരു ഗ്രൂപ്പ് ഡി.സി.സി സെക്രട്ടറി പി.കെ അബ്ദുല്‍ ലത്തീഫിന്റെതാണ്.പുതിയ ഡി.സി.സി പ്രസിഡന്റ് ചാര്‍ജ് എടുത്തതോടെ കൊച്ചിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടത്തിയതായും.പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മണ്ഡലത്തിലെ മുതിര്‍ന്ന നേതാക്കളായ കെ വി തോമസിനെയും, എന്‍ വേണുഗോപാലിനെയും ചുമതലപ്പെടുത്തിയതായാണ് സൂചന. നിലവിലെ ഗ്രൂപ്പ് പ്രവര്‍ത്തനം മണ്ഡലത്തില്‍ ശക്തിപ്പെടുന്നതോടെ വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ക്ഷീണമാകുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. അതേസമയം പല കാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയവരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ വ്യക്തികളുടെ താല്‍പര്യം മാനിക്കരുതെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."