അടുക്കിലും ചിട്ടയിലും ഊട്ടുപുരക്ക് 'എ' ഗ്രേഡ്
പറവൂര്‍: റവന്യൂ ജില്ലാ സ്‌കൂള്‍ യുവജനോത്സവത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് ഊട്ടുപുര. അടുക്കും ചിട്ടയും പരിസ്ഥിതി സൗഹൃദ നയവുമാണ് ഊട്ടുപുരയെ വേറിട്ടതാക്കുന്നത്.
ദിവസവും അയ്യായിരം പേര്‍ക്ക് ഭക്ഷണമൊരുക്കുന്നതിനുള്ള ഒരുക്കങ്ങളാണ് ചെയ്തുവച്ചിരുന്നത്. ഏറ്റവുമധികം മത്സരയിനങ്ങളുണ്ടായിരുന്ന കലോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്നലെ ഏഴായിരം പേരാണ് ഉച്ചയൂണിന് എത്തിയത്. മൂത്തകുന്നം എസ്.എന്‍.എമ്മിലെ 20 ടി.ടി.സി വിദ്യാര്‍ഥികളും മാട്ടുകുളം എച്ച്.ഡി.പി.വൈയിലെ 32 ബി.എഡ് വിദ്യാര്‍ഥികളുമാണ് സദാ സേവന സന്നദ്ധരായി ഊട്ടുപുരയില്‍ അതിഥികളെ വരവേല്‍ക്കുന്നത്.
ചെലവേറുമെങ്കിലും പരിസ്ഥിതി സൗഹൃദത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഭക്ഷണ കമ്മിറ്റിയും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വാഴയില ഒഴിവാക്കി ഫൈബര്‍ പ്ലേറ്റിലാണ് ഭക്ഷണം വിളമ്പുന്നത്. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഡി. രാജ്കുമാര്‍ ചെയര്‍മാനും ജയ്ദീപ് കണ്‍വീനറുമായ സമിതിയാണ് ഭക്ഷണവിതരണത്തിന്റെ ചുമതല വഹിക്കുന്നത്.
ഇതോടൊപ്പം സേവന സന്നദ്ധരായ മുന്നൂറോളം വിദ്യാര്‍ഥികളും വേദികള്‍ക്ക് സമീപത്തും മറ്റുമായുണ്ട്. എന്‍.സി.സി, എന്‍.എസ്.എസ്, സ്‌കൗട്ട് വിദ്യാര്‍ഥികളാണിവര്‍. കുടിവെള്ളം വിതരണം, വഴി കാണിക്കല്‍, ചപ്പുചവറുകള്‍ നീക്കം ചെയ്യല്‍ തുടങ്ങിയവയൊക്കെയാണ് ഇവരുടെ ചുമതല. ദിവസവും 180 കാനില്‍ കുടിവെള്ളം എത്തിച്ച് പൊലീസ് അസോസിയേഷന്‍ വെല്‍ഫെയര്‍ കമ്മിറ്റിയും രംഗത്തുണ്ട്.
നഗരസഭാ പ്രതിപക്ഷനേതാവ് കെ. വിദ്യാനന്ദന്‍ ചെയര്‍മാനും ഫ്രാന്‍സിസ് കണ്‍വീനറുമായ കമ്മിറ്റിയാണ് വളണ്ടിയര്‍ സേനയുടെ ചുമതല വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."