വര്‍ത്തമാനകാല പ്രതിസന്ധികളെ ആത്മീയതയിലൂടെ അതിജയിക്കുക: മജ്‌ലിസുന്നൂര്‍ സംഗമം
ഫൈസാബാദ് (പട്ടിക്കാട്): വര്‍ത്തമാനകാല പ്രതിസന്ധികളെ ആത്മീയതയിലൂടെ അതിജയിക്കണമെന്ന് ജാമിഅ നൂരിയ്യ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമം ആഹ്വാനം ചെയ്തു. ആദര്‍ശവിശുദ്ധിയുടെ പാതയില്‍ മാതൃകകാണിച്ച സച്ചരിതരുടെ മാര്‍ഗത്തിലൂടെ മുന്നേറണമെന്നും ബദ്‌രീങ്ങളുടെ സ്മരണ വിശ്വാസികളുടെ ആത്മീയ ഉള്‍ക്കരുത്താണെന്നും മജ്‌ലിസുന്നൂര്‍ സംഗമം ഉദ്‌ബോധിപ്പിച്ചു.
രാഷ്ട്രപുരോഗതിക്കും ലോക മുസ്‌ലിം സമുദായത്തിന്റെ നന്മക്കും കഷ്ടപ്പെടുന്നവരുടെ മോചനത്തിനുമായുള്ള പ്രാര്‍ഥനയും നടന്നു. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കായി പ്രത്യേക പ്രാര്‍ഥനയുമുണ്ടായി.
ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ മഗ്‌രിബ് നിസ്‌കാരശേഷം പ്രധാന നഗരിയില്‍ നടന്ന മജ്‌ലിസുന്നൂര്‍ സംഗമം ഖുര്‍ആന്‍ പാരായണവും ബദര്‍ ശുഹദാക്കളുടെ അപദാനങ്ങളും പ്രാര്‍ഥനയുംകൊണ്ട് മുഖരിതമായി.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കിയ ഭക്തിസാന്ദ്രമായ സംഗമത്തില്‍ നിരവധി സാദാത്തുക്കള്‍, സൂഫീവര്യന്‍മാര്‍, സമസ്ത മുശാവറ അംഗങ്ങള്‍, വിവിധ ഭാഗങ്ങളില്‍ സംഗമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അമീറുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ പണ്ഡിതര്‍ പങ്കെടുത്തു.
ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരം നടന്നുവരുന്ന മജ്‌ലിസുന്നൂര്‍ സംഗമങ്ങളുടെ വാര്‍ഷിക സദസാണ് ഇന്നലെ ജാമിഅ നൂരിയ്യയില്‍ നടന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി ആറായിരത്തിലധികം മജ്‌ലിസുന്നൂര്‍ സംഗമങ്ങളാണ് നടന്നുവരുന്നത്. വിശ്വാസിഹൃദയങ്ങളില്‍ വിശുദ്ധിയുടെ ഉള്‍ക്കരുത്ത് സമ്മാനിച്ച മജ്‌ലിസുന്നൂര്‍ വാര്‍ഷിക സദസില്‍ പങ്കെടുക്കാനായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തിയത്.
മജ്‌ലിസുന്നൂര്‍ അമീറും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ആമുഖ ഭാഷണവും ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ഉദ്‌ബോധനവും നടത്തി. 'അല്‍മുനീര്‍' സമ്മേളന സുവനീര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, എസ്.എം.കെ തങ്ങള്‍, സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍ പാണ്ടിക്കാട്, പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ ഒറ്റപ്പാലം, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍, കോട്ടുമല എം.കെ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കാസര്‍കോട്, കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ മാരായമംഗലം, ടി.പി ഇപ്പ് മുസ്‌ലിയാര്‍, മുക്കം ഉമര്‍ ഫൈസി, ഹാജി കെ. മമ്മദ് ഫൈസി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."