പൊലിസ് ഉദ്യോഗസ്ഥര്‍ സൗജന്യ മൊബൈല്‍ നെറ്റ്‌വര്‍ക്കിന് കീഴിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ അന്‍പതിനായിരത്തോളം പൊലിസ് ഉദ്യോഗസ്ഥര്‍ സൗജന്യ മൊബൈല്‍ നെറ്റ്‌വര്‍ക്കിന് കീഴിലേക്ക്. ഇതിന്റെ ഭാഗമായി 36,084 പ്രീപെയ്ഡ് സി.യു.ജി സിം കാര്‍ഡുകള്‍ വാങ്ങും. നിലവില്‍ 14,945 പ്രീപെയ്ഡ് സി.യു.ജി (ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ്) കാര്‍ഡുകളാണ് പൊലിസ് വകുപ്പിന് കീഴിലുള്ളത്.
നിലവിലെ 115 രൂപയുടെ പ്ലാന്‍ 44.85 രൂപയിലേക്ക് മാറ്റാനും തീരുമാനിച്ചു. നേരത്തേ സി.യു.ജി സംവിധാനത്തിനായി മാസംതോറും 17,18,675 രൂപയാണ് ആഭ്യന്തര വകുപ്പ് ബി.എസ്.എന്‍.എല്ലിന് നല്‍കിയിരുന്നത്. പുതിയ സ്‌കീം വരുന്നതോടെ 22,88,650 രൂപ കൂടി നല്‍കേണ്ടിവരും. റിപ്പബ്ലിക് ദിനത്തിന് മുന്‍പ് എല്ലാവര്‍ക്കും സിംകാര്‍ഡ് എത്തിക്കാനാണ് ശ്രമം.
കഴിഞ്ഞ 31നാണ് ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍ക്ക് സിം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലിസ് മേധാവി കത്തയച്ചത്. പുതിയ സംവിധാനംവന്നാല്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരസ്പരം പരിധിയില്ലാതെ വിളിക്കാം.
കൂടാതെ എല്ലാ പൊലിസ് സ്റ്റേഷനുകളിലേക്കും പൊലിസിനു കീഴിലുള്ള ലാന്‍ഡ് ലൈനിലേക്കും സൗജന്യമായി വിളിക്കാം. തിരുവനന്തപുരത്തുനടന്ന പൊലിസ് അസോസിയേഷന്‍ സമ്മേളനത്തില്‍വച്ച് എല്ലാ ഉദ്യോഗസ്ഥര്‍ക്കും സി.യു.ജി സിംകാര്‍ഡ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്താണ് 14,945 പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് 115 രൂപ താരിഫില്‍ സിം കാര്‍ഡ് അനുവദിച്ചത്. ക്രമസമാധാന ചുമതലയുള്ള എസ്.ഐ മുതല്‍ മേലോട്ടുള്ളവര്‍ക്കാണ് സിം അനുവദിച്ചിരുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ഇതില്‍ മാറ്റംവരുത്തിയിരുന്നില്ല. അതിനിടെ, നേരത്തേ സി.യു.ജി സിം കാര്‍ഡ് നല്‍കിയവരില്‍ പലരും ഉപയോഗിക്കാത്തതായി കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് അടിയന്തരമായി ഇവ കൈമാറാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."