വിവാദങ്ങള്‍ക്കിടെ കണ്ണൂര്‍ എസ്.പി സഞ്ജയ് കുമാര്‍ ഗുരുദീനിന് സ്ഥാനചലനം
കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ കണ്ണിലെകരടായ പൊലിസ് മേധാവി സഞ്ജയ് കുമാര്‍ ഗുരുദീനിന് ഒടുവില്‍ സ്ഥലംമാറ്റം.
ദിവസങ്ങള്‍ക്കു മുന്‍പ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയപ്പോള്‍ സഞ്ജയ്കുമാറിനെ വച്ചുപൊറുപ്പിക്കരുതെന്ന് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. സി.പി.എം ജില്ലാനേതൃത്വം നല്‍കിയ എസ്.ഐമാരുടെ സ്ഥലംമാറ്റ ലിസ്റ്റ് തള്ളിയതോടെയാണ് പൊലിസ് മേധാവിക്കെതിരേ പാര്‍ട്ടി തിരിയാന്‍ കാരണം.
പയ്യന്നൂരിലെ സി.പി.എം പ്രവര്‍ത്തകന്‍ ധനരാജ് വധക്കേസില്‍ കസ്റ്റഡിയിലെടുത്ത ആര്‍.എസ്.എസ് നേതാവിനെ വെറുതേവിട്ടതും എസ്.പിക്ക് വിനയായി. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കാപ്പ ചുമത്തിയതും പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലിസ് റെയ്ഡ് നടത്തിയതും സി.പി.എമ്മിനെ ചൊടിപ്പിച്ചിരുന്നു.
ഇതോടെ പാര്‍ട്ടി ജില്ലാനേതൃത്വം സംഘ്പരിവാര്‍ ചായ്‌വുള്ള എസ്.പിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കി സംസ്ഥാന നേതൃത്വത്തിന് അയച്ചിരുന്നു.
കണ്ണൂര്‍ പൊലിസ് മേധാവിയുടെ കാര്യം പി.ജയരാജന്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഉന്നയിക്കുകയും ചെയ്തു. എല്‍.ഡി. എഫ് അനുകൂല പൊലിസ് അസോസിയേഷന്‍ പിന്തുണയും ഈക്കാര്യത്തിലുണ്ടായി. എന്നാല്‍, സഞ്ജയ്കുമാറിനെ മാറ്റുന്നത് ആഭ്യന്തരവകുപ്പിന്റെ പ്രതിച്ഛായക്ക് കോട്ടംതട്ടരുതെന്ന താല്‍പര്യം മുഖ്യമന്ത്രിക്കുണ്ടായിരുന്നു. അതിനാലാണ് കൂട്ടസ്ഥലമാറ്റത്തിനിടയില്‍ ഈക്കാര്യവും നടത്തിയത്.
കെ.എ.പി കമാന്‍ഡായാണ് അദ്ദേഹത്തിന് നിയമനം നല്‍കിയിരിക്കുന്നത്. നിലവിലെ കമാന്‍ഡായിരുന്ന കെ.പി ഫിലിപ്പിനെ കണ്ണൂര്‍ ജില്ലാ പൊലിസ് മേധാവിയായി നിയമിക്കുകയും ചെയ്തു. ജില്ലാ പൊലിസ് മേധാവിയായി ചുമതലയേല്‍ക്കുന്ന ഫിലിപ്പ് ഇതേ തസ്തികയില്‍ നേരത്തേ കണ്ണൂരില്‍ ജോലി ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."