മനുഷ്യാവകാശം സംരക്ഷിക്കാന്‍ എത്രകാലം കാത്തിരിക്കണം?
തിരുവനന്തപുരം: വാര്‍ദ്ധക്യകാല പെന്‍ഷന് വേണ്ടി ഒരു വയോധിക വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയാല്‍ പെന്‍ഷന്‍ കിട്ടാന്‍ എത്രകാലം കാത്തിരിക്കണം? സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന നിയമ വിദ്യാര്‍ഥികളുടേതാണ് ചോദ്യം. വര്‍ധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് തമ്പാനൂര്‍ ബസ്സ്റ്റാന്റ് പരിസരത്ത് തെരുവുനാടകം അവതരിപ്പിക്കുകയായിരുന്നു വിദ്യാര്‍ഥികള്‍.
വില്ലേജ് ഓഫിസില്‍ അപേക്ഷ നല്‍കാനെത്തിയ വൃദ്ധയ്ക്ക് മുമ്പിലൂടെ പണമുള്ളവര്‍ കൈക്കൂലി നല്‍കി കാര്യം നടത്തി കടന്നുപോയി. വിശന്നു വലഞ്ഞ വൃദ്ധ അയല്‍ക്കാരനുമൊത്ത് സമീപത്തെ ഹോട്ടലിലെത്തി. വൃദ്ധയുടെ ദൈന്യത കണ്ട് ഊണുവേണോ എന്നു ചോദിച്ചതിന് ഹോട്ടല്‍ സപ്ലൈയറായ അംഗപരിമിതനെ ഹോട്ടല്‍ മുതലാളി തല്ലി താഴെയിട്ടു. കാണാന്‍ കൊള്ളാവുന്നവര്‍ ഊണിനു കാത്തിരിക്കുമ്പോള്‍ വൃദ്ധയോട് കുശലം ചോദിച്ചതിലായിരുന്നു ഹോട്ടല്‍ മുതലാളിക്ക് പരിഭവം.
കൈകക്കൂലി നല്‍കാത്തതിനാല്‍ വില്ലേജ് ഓഫിസര്‍ പെന്‍ഷന്‍ നല്‍കിയില്ലെന്ന് പരാതി പറയാന്‍ അയല്‍ക്കാരനൊപ്പം വൃദ്ധ പൊലിസ് സ്റ്റേഷനിലെത്തി. പരാതി നല്‍കിയിട്ട് പോകാനായിരുന്നു എസ്.ഐ യുടെ ഉപദേശം. പരാതി നല്‍കി കഴിഞ്ഞപ്പോള്‍ രസീത് ചോദിച്ച അയല്‍ക്കാരനെ എസ്.ഐ തൊഴിക്കുന്നതോടെ തെരുവു നാടകം അവസാനിക്കുന്നു. പരാതി നല്‍കിയാല്‍ രസീത് ചോദിക്കാന്‍ പാടില്ലെന്നായിരുന്നു എസ്.ഐ യുടെ നിലപാട്. മനുഷ്യാവകാശം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മനുഷ്യരില്‍ തന്നെ നിക്ഷിപ്തമാണെന്നായിരുന്നു നാടകത്തിന്റെ സന്ദേശം.
മനുഷ്യാവകാശ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ തെരുവുനാടകം അവതരിപ്പിച്ചതെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി പറഞ്ഞു.
കമ്മീഷന്‍ സെക്രട്ടറി എസ്. കുമാരി സുധ, രജിസ്ട്രാര്‍ ജി. ജ്യോതിചൂഡന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും ലോ കോളജുകളിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് തെരുവു നാടകം അവതരിപ്പിച്ചത്. വിദ്യാര്‍ത്ഥികളായ നന്ദകൃഷ്ണന്‍, ആന്റോ, അര്‍ജുന്‍, റോഹിത്, അക്ഷയ് ഗോപന്‍, അഭിജിത്ത്, റസാലി, ടിന, റോസ്, പ്രീതി, അപര്‍ണ്ണ, ഗോപിക, അനൂജ, ശ്രദ്ധ, ആര്യ, സുദിന്‍കുമാര്‍, അജികൃഷ്ണന്‍, അരുണ്‍കേശവ് തുടങ്ങിയവരാണ് നാടകത്തില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."