സാന്ദ്രയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളെന്ന് ഡോക്ടര്‍മാര്‍
കൊച്ചി: നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസിന് നടനും നിര്‍മാതാവുമായ വിജയ്ബാബുവില്‍ നിന്ന് മര്‍ദനമേറ്റെന്ന കേസില്‍ പൊലിസ് ഡോക്ടര്‍മാരുടെ മൊഴിയെടുത്തു. സാന്ദ്രയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തന്നെ മര്‍ദിച്ചുവെന്ന സാന്ദ്രയുടെ പരാതി ശരിവയ്ക്കുന്ന തരത്തിലാണു ഡോക്ടര്‍മാരുടെ ഈ മൊഴിയെ പൊലിസ് കാണുന്നത്.
വിജയ് ബാബുവിന്റേയും സാന്ദ്രയുടേയും ഉടമസ്ഥതയില്‍ ഉള്ള ഫ്രൈഡേ ഫിലിംസ് എന്ന നിര്‍മാണ കമ്പനിയിലെ ജീവനക്കാരില്‍ നിന്നും പൊലിസ് മൊഴിയെടുത്തു. ഓഫിസില്‍ നിന്ന് ബഹളം കേട്ടെന്നും വാതില്‍ പൂട്ടിയിരുന്നതിനാല്‍ മര്‍ദിച്ചോയെന്നതു കണ്ടില്ലെന്നുമായിരുന്നു ജീവനക്കാരുടെ മൊഴി. വിജയ് ബാബു ഒളിവിലാണ്.
കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം വിജയ് ബാബുവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. പനമ്പള്ളി നഗറിലെ വീട്ടില്‍ ചെന്നെങ്കിലും വിജയ് അവിടെയില്ലെന്ന വിവരമാണു പൊലിസിന് ലഭിച്ചത്. കഴിഞ്ഞ മൂന്നിനാണ് വിജയ് ബാബു തന്നെ മര്‍ദിച്ചെന്ന് കാണിച്ച് സാന്ദ്രാ തോമസ് എളമക്കര പൊലിസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, മാനഹാനി വരുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം വിജയ്ബാബുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ സാന്ദ്രാ തോമസിന്റെ പരാതി കെട്ടിച്ചമച്ചതാണെന്ന് വിജയ് ബാബു ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.
തര്‍ക്കത്തിലുള്ള സ്വത്ത് തട്ടിയെടുക്കാന്‍ സാന്ദ്രയും ഭര്‍ത്താവും ശ്രമിക്കുകയാണെന്നും അതിന്റെ ഭാഗമാണ് കേസെന്നുമായിരുന്നു വിജയ്ബാബുവിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."