സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ഇന്നു തുടങ്ങും
തിരുവനന്തപുരം: മൂന്നുദിവസം നീളുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കമാവും. ഇതിനു മുന്നോടിയായുള്ള പോളിറ്റ്ബ്യൂറോ യോഗം എ.കെ.ജി സെന്ററില്‍ ചേര്‍ന്നു. പി.ബി അംഗീകരിച്ച അജന്‍ഡപ്രകാരമാണ് തിരുവനന്തപുരത്തെ ഹായ്‌സിന്ദ് ഹോട്ടലില്‍ സി.സി യോഗം നടക്കുക.
നോട്ട് അസാധുവാക്കലിനെതിരേ രാജ്യ വ്യാപകമായ പ്രക്ഷോഭം, അഞ്ചു സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ എടുക്കേണ്ട അടവുനയം, സംഘടനാ ശാക്തീകരണം, സംസ്ഥാന ഘടകത്തിലെ പ്രശ്‌നങ്ങള്‍, നേതാക്കള്‍ക്കെതിരേയുള്ള അച്ചടക്ക നടപടി എന്നിവയില്‍ യോഗം ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കും.
ഡല്‍ഹിയില്‍ അതിശൈത്യമായതിനാലാണ് കേന്ദ്ര നേതൃയോഗങ്ങള്‍ക്ക് കേരളം തെരഞ്ഞെടുത്തതെന്നാണ് സി.പി.എം സംസ്ഥാന ഘടകത്തിന്റെ വാദം. കേരളത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോള്‍, പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന വിലയിരുത്തല്‍ കേന്ദ്ര നേതൃത്വത്തിനുണ്ട്. പാര്‍ട്ടിയിലെ വിഭാഗീയതയും, ബി.ജെ.പിയുടെ വളര്‍ച്ചയും പ്രധാന ഘടകങ്ങളാണ്.
കൂടാതെ ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി എന്നിവര്‍ ഉള്‍പ്പെട്ട ബന്ധു നിയമന വിവാദം, അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട് മന്ത്രി എം.എം. മണിയുടെ വിജിലന്‍സ് കേസ്, മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരേയുള്ള വിജിലന്‍സ് അന്വേഷണം തുടങ്ങിയവയും ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
വി.എസിനെതിരേയുള്ള പി.ബി. കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ എന്തു നടപടി വേണമെന്ന് കേന്ദ്രക്കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.
ഞായറാഴ്ച തീരുന്ന യോഗത്തിനു മുന്‍പേ വി.എസിനെതിരേയുള്ള നടപടി തീരുമാനിക്കുമെന്നാണ് നേതാക്കളില്‍ നിന്നും ലഭിക്കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."